ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ; പുനര്‍നിര്‍മ്മാണമെന്ന് സിപിഐഎം

ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ; പുനര്‍നിര്‍മ്മാണമെന്ന് സിപിഐഎം
സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ് മെമ്മോ. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ സ്വന്തം നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്റ്റോപ് മെമ്മോ ലഭിച്ചിട്ടും നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം തയ്യാറായിട്ടില്ല. നിര്‍മ്മാണ നിരോധനം നിലനില്‍ക്കുന്ന ഇടുക്കിയില്‍ സര്‍ക്കാര്‍ പദ്ധതിയിലുള്ള വീടുകളുടെ നിര്‍മ്മാണം വരെ നിലച്ചിരിക്കുന്ന ഘട്ടത്തിലാണ് ജില്ലയിലെ വിവിധ മേഖലകളില്‍ സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം തുടരുന്നത്. മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ നാടായ ഇരുപതേക്കറില്‍ ഒരുവിധ അനുമതിയും വാങ്ങാതെ പട്ടയമില്ലാത്ത ഭൂമിയില്‍ പാര്‍ട്ടി ഓഫീസിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയത്.

റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തപ്പോള്‍ അപകടാവസ്ഥയിലായ കെട്ടിടം പുനര്‍നിര്‍മ്മിക്കുകയാണെന്നാണ് സിപിഐഎം വിശദീകരണം. എന്നാല്‍, ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന രാജകുമാരിയിലും സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം പുരേഗമിക്കുകയാണ്. ശാന്തമ്പാറയില്‍ പുതിയ ഓഫീസ് നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് ബൈസണ്‍വാലി ടൗണില്‍ സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നതിനെതിരേ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി എംഎം മണി മന്ത്രിയായിരിക്കെ ഉദ്ഘാടനവും നടത്തിയിരുന്നു.


Other News in this category



4malayalees Recommends