നേതാക്കന്മാര്‍ എല്ലാം ഒന്നിച്ചുവന്നിട്ടും ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗുമായി തൃക്കാക്കര ; മുന്നണികള്‍ ആശങ്കയില്‍ ; വെള്ളിയാഴ്ച ഫലമറിയാം

നേതാക്കന്മാര്‍ എല്ലാം ഒന്നിച്ചുവന്നിട്ടും ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗുമായി തൃക്കാക്കര ; മുന്നണികള്‍ ആശങ്കയില്‍ ; വെള്ളിയാഴ്ച ഫലമറിയാം
വാശിയേറിയ പ്രചാരണപരിപാടികള്‍ നടന്നിട്ടും ഇത്തവണ തൃക്കാക്കരയില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിക്കുമെന്നായിരുന്നു മുന്നണികളുടെ പ്രതീക്ഷ. എന്നാല്‍ 68.75 ശതമാനം മാത്രമാണ് ഇത്തവണത്തെ പോളിങ്.

70.39 ശതമാനമായിരുന്നു 2021ല്‍ തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ഇത് മറികടക്കുമെന്നാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളുമെല്ലാം പറഞ്ഞിരുന്നത്. 2011ലാണ് മണ്ഡലത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 73 ശതമാനമായിരുന്നു പോളിങ്. തുടര്‍ന്ന് 2016ല്‍ ഇത് 74.71 ശതമാനമായി വര്‍ദ്ധിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും അടക്കം എല്ലാവരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം എഴുപതില്‍ എത്തിക്കാന്‍ സാധിച്ചില്ല. രാവിലെ ശക്തമായ പോളിങ് ഉണ്ടായിരുന്നു. ഉച്ചയോടെ പകുതിയിലധികം പേരും വോട്ട് രേഖപ്പെടുത്തി.

മുമ്പു നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ അവസാന മണിക്കൂറുകളില്‍ പോളിങ് ശതമാനം ഉയരുന്നതായിരുന്നു മണ്ഡലത്തിന്റെ ചരിത്രം. പാര്‍ട്ടി വോട്ടുകള്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ ചെയ്തുവെന്നാണ് മുന്നണികളുടെ അവകാശവാദം. 1,96,805 വോട്ടര്‍മാരില്‍ 1,35,319 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 68,167 സ്ത്രീകളും 67,152 പുരുഷന്‍മാരും ഏക ട്രാന്‍സ്‌ജെന്‍ഡറും മണ്ഡലത്തില്‍ വോട്ട് ചെയ്തു.

വോട്ടെടുപ്പിനുശേഷം തിരികെ എത്തിച്ച വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.

Other News in this category



4malayalees Recommends