പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും ; തൃക്കാക്കര തെരഞ്ഞെടുപ്പിന് പിന്നാലെ വി ഡി സതീശനെ പുകഴ്ത്തി പോസ്റ്ററുകള്‍ ; ഒരാളുടെ മാത്രം വിജയമാക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി

പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും ; തൃക്കാക്കര തെരഞ്ഞെടുപ്പിന് പിന്നാലെ വി ഡി സതീശനെ പുകഴ്ത്തി പോസ്റ്ററുകള്‍ ; ഒരാളുടെ മാത്രം വിജയമാക്കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും. തലസ്ഥാനത്താണ് വിവിധ ഇടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണിത്. പിന്തിരിഞ്ഞ് ഓടാത്ത മുന്നണി പോരാളി, ഒറ്റ ചങ്കും ഒറ്റ നിലപാടും തുടങ്ങിയ മറ്റ് വിശേഷണങ്ങളും പോസ്റ്ററില്‍ ഉണ്ട്.'വര്‍ഗീയത ഞങ്ങളുടെ അടവ് നയമല്ല, വര്‍ഗീയ വാദികളുടെ വോട്ടും ഞങ്ങള്‍ക്ക് വേണ്ട, മതേതര കേരളം യുഡിഎഫിനൊപ്പം നില്‍ക്കും. ലീഡര്‍ വി ഡി സതീശന്‍' എന്നും മറ്റൊരു പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു.

എന്നാല്‍ പോസ്റ്ററിനെതിരെ ഇതിനകം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. തൃക്കാക്കരയിലെ വിജയം ഒരാളുടെ മാത്രമായി അവതരിപ്പിക്കുന്നുവെന്നാണ് എതിര്‍പ്പുയര്‍ത്തിയ വിഭാഗം ഉന്നയിക്കുന്നത്. എല്ലാവരും ഒറ്റകെട്ടായി ജോലി ചെയ്തു, ക്രെഡിറ്റ് ഒരാളില്‍ കേന്ദ്രീകരിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ല തുടങ്ങിയ വിമര്‍ശനും ഉയരുന്നുണ്ട്. ഉമാ തോമസിന്റെ ലീഡ് ഉയര്‍ന്നപ്പോള്‍ തന്നെ ഹൈബി ഈഡന്‍ എംപി, അനില്‍ അക്കരെ തുടങ്ങിയവര്‍ സോഷ്യല്‍മീഡിയ പേജില്‍ വി ഡി സതീശന് ക്യാപ്റ്റന്‍ പരിവേഷം നല്‍കിയിരുന്നു. ഇതാണ് ഒറിജിനല്‍ ക്യാപ്റ്റന്‍ എന്ന രീതിയിലായിരുന്നു പ്രചാരണം.

അതേസമയം തിരുവനന്തപുരം ഡിസിസി വി ഡി സതീശന് വലിയ സ്വീകരമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. നേതാക്കളും പ്രവര്‍ത്തകരും വി ഡി സതീശനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. എന്നാല്‍ അഭിനന്ദനങ്ങള്‍ക്കിടെ താന്‍ ക്യാപ്റ്റനല്ല, മറിച്ച് പട നയിക്കുന്നവരില്‍ മുന്‍ നിരയിലുള്ള ഒരാള്‍ മാത്രമാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നും വി ഡി സതീശന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Other News in this category



4malayalees Recommends