ഗുരുവായൂരപ്പന്റെ അല്ല, തന്റെ ഥാറാണ് ലേലം ചെയ്തത്; പിന്നില്‍ ഗൂഢാലോചന, അഹിന്ദുക്കള്‍ക്ക് നല്‍കില്ലെങ്കില്‍ ആദ്യം പറയണമായിരുന്നു: അമല്‍ മുഹമ്മദലി

ഗുരുവായൂരപ്പന്റെ അല്ല, തന്റെ ഥാറാണ് ലേലം ചെയ്തത്; പിന്നില്‍ ഗൂഢാലോചന, അഹിന്ദുക്കള്‍ക്ക് നല്‍കില്ലെങ്കില്‍ ആദ്യം പറയണമായിരുന്നു: അമല്‍ മുഹമ്മദലി
കഴിഞ്ഞദിവസം വീണ്ടും വാര്‍ത്തകളിലിടം പിടിച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഹീന്ദ്ര കമ്പനി കാണിക്ക നല്‍കിയ ഥാര്‍ പുനര്‍ലേലത്തെ സംബന്ധിച്ച് പ്രതികരണവുമായി ആദ്യം ലേലം സ്വന്തമാക്കിയ അമല്‍ മുഹമ്മദലി. പുനര്‍ ലേലം ചെയ്തതില്‍ ഗൂഢാലോചനയുണ്ട്. വാഹനത്തിന്റെ പുനര്‍ ലേലത്തില്‍ ദേവസ്വം ബോര്‍ഡിനും കമ്മീഷണര്‍ക്കും പങ്കുണ്ട്. കോടതി പുനര്‍ലേലം പറഞ്ഞിരുന്നില്ലെന്നും ഉചിതമായ തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടതെന്ന് അമല്‍ പ്രതികരിച്ചു.

ലേലത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ച് പങ്കെടുത്താണ് ഥാര്‍ സ്വന്തമാക്കിയത്. ഥാര്‍ ലേലത്തില്‍ പിടിച്ച ശേഷം ദേവസ്വം ബോര്‍ഡംഗങ്ങള്‍ ചര്‍ച്ച നടത്തിയാണ് ലേലം ഉറപ്പിച്ചത്. അഹിന്ദുക്കള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പാടില്ലെങ്കില്‍ നേരത്തെ പറയണമായിരുന്നു. പരസ്യത്തില്‍ അക്കാര്യം ഉണ്ടായിരുന്നില്ല. താന്‍ നിയമപരമായി സ്വന്തമാക്കിയ വാഹനമാണ് പുനര്‍ലേലം ചെയ്തതെന്നും അമല്‍ പ്രതികരിച്ചു.

ഗുരുവായൂരപ്പന്റെതല്ല, തന്റെ ഥാറാണ് ലേലം ചെയ്തതെന്നും അദ്ദേഹം തുറന്നടിച്ചു. 15.15 ലക്ഷം രൂപക്കാണ് വാഹനം ലേലത്തില്‍ പിടിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപയുടെ അടുത്ത് നല്‍കേണ്ടി വരും. എന്നാലും ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള വാഹനം സ്വന്തമാക്കുക എന്ന ആഗ്രഹ പ്രകാരമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ഇല്ലെങ്കില്‍ രണ്ട് വര്‍ഷം പഴക്കമുള്ള വാഹനം വാങ്ങാതെ ഷോറൂമില്‍ നിന്ന് പുതിയത് വാങ്ങാമായിരുന്നുവെന്നും അമല്‍ വ്യക്തമാക്കി.

ലേലത്തിന് ആളില്ലാത്തത് തന്റെ കുറ്റമല്ല. ഇത്രയൊക്കെ ബഹളത്തിനു ശേഷം നടന്ന പുനര്‍ ലേലത്തില്‍ 15 പേരാണ് ഉണ്ടായിരുന്നതെന്നും അമല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പുനര്‍ ലേലത്തില്‍ അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപക്ക് ഥാര്‍ സ്വന്തമാക്കിയത്. പ്രവാസി വ്യവസായിയായ വിഘ്‌നേഷ് ഗുരുവായൂരപ്പന്റെ ഭക്തരായ മാതാപിതാക്കള്‍ക്കുളള സമ്മാനമായാണ് അടിസ്ഥാന വിലയുടെ മൂന്നിരട്ടി നല്‍കി വാഹനം സ്വന്തമാക്കിയത്.



Other News in this category



4malayalees Recommends