ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്': എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്ന് അരുണ്‍ കുമാര്‍

ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്': എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്ന് അരുണ്‍ കുമാര്‍
സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പിണറായി മന്ത്രിസഭയില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത്. എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരം നല്‍കി കൊണ്ടാണ് അരുണ്‍ കുമാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാന്‍ കഴിയണമെന്നും എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഒരു ലതര്‍ ബാഗിലെ ലോഹം, സഞ്ചിയില്‍ ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേര്‍ക്കുന്ന വ്യാജ വിരുതാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ? എയര്‍ പോര്‍ട്ടില്‍ പോലും ഗ്രീന്‍ ചാനല്‍ പരിരക്ഷയുള്ള ഡിപ്ലോമാറ്റിന്റെ പായ്ക്കറ്റുകള്‍ ക്ലിഫ് ഹൗസിലേക്ക് വന്നാല്‍ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ ബിരിയാണി പാത്രത്തെ കൂട്ടി ചേര്‍ത്തതിലുള്ള കുടിലബുദ്ധി പക്ഷെ പ്ലാന്റിംഗില്‍ ദുര്‍ബലമായ തിരക്കഥ കാരണം പാളി. അന്വേഷണ ഏജന്‍സികള്‍ പോലും ഒരു വര്‍ഷം മുമ്പ് ഈ മൊഴികള്‍ ഫ്രീസറില്‍ കയറ്റി. പ്രൊപ്പഗാന്‍ഡ അനാലിസിസില്‍ അഥവാ പ്രചരണ വേല വിശകലനത്തില്‍ ഗില്‍റ്റ് (ന്യൂനപക്ഷ വിരുദ്ധ ) ബൈ അസോസിയേഷനോട് ചേര്‍ന്ന് നില്‍ക്കാവുന്ന ഒരു തന്ത്രമാണ് ട്രാന്‍സ്ഫര്‍ അഥവാ പകരം വയ്ക്കല്‍.

ഒരു ലതര്‍ ബാഗിലെ ലോഹം, സഞ്ചിയില്‍ ലോഹം, കാര്‍ട്ടന്‍ നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേര്‍ക്കുന്ന വ്യാജ വിരുതാണത്. ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയില്‍ ബൈറ്റ് എടുത്ത് കൗണ്ടര്‍ബൈറ്റ് വിളയിച്ച് വാര്‍ത്ത നടാനിറങ്ങുകയല്ല. പകരം അന്വേഷണ ഏജന്‍സികള്‍ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാന്‍ കഴിയണം. എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണം. ആര് ആര്‍ക്ക് വേണ്ടി എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കണം.

Other News in this category



4malayalees Recommends