ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ എഡിജിപിമാര്‍ 56 തവണ വിളിച്ചു, രഹസ്യ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; ആരോപണവുമായി സ്വപ്ന സുരേഷ്

ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ എഡിജിപിമാര്‍ 56 തവണ വിളിച്ചു, രഹസ്യ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; ആരോപണവുമായി സ്വപ്ന സുരേഷ്
വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍ അജിത്കുമാറും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ഷാജ് കിരണിന്റെ വാട്‌സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചെന്ന് സ്വപ്ന സുരേഷ് . തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണ് ഷാജ് കിരണ്‍ എത്തിയതെന്നും സ്വപ്ന ആരോപിക്കുന്നു. തന്റെ ഫോണ്‍ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്‌കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എഡിജിപി അജിത്കുമാര്‍ ഷാജിന്റെ വാട്‌സാപ്പില്‍ വിളിച്ചതെന്ന് സ്വപ്ന പറഞ്ഞു.

തന്നോടു വിലപേശാനും ഒത്തുതീര്‍പ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്. 'ഞാന്‍ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാന്‍ പോകുകയാണ്. ഒന്നാം നമ്പര്‍ വളരെ ദേഷ്യത്തിലാണ്' എന്നു ഷാജ് കിരണ്‍ പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു. ഈ 'ഒന്നാം നമ്പര്‍' ആരാണെന്നു ഷാജ് കിരണിനോടു ചോദിക്കണമെന്നും സ്വപ്ന പറഞ്ഞു.

അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തി. ആരുടെയും മധ്യസ്ഥനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുപ്പമില്ലെന്നും ഷാജ് കിരണ്‍ പ്രതികരിച്ചു. സ്വപ്നയുമായി 60 ദിവസത്തെ പരിചയമേയുള്ളു. ഒരു സ്ഥലക്കച്ചവടത്തിനാണ് ഫോണില്‍ ബന്ധപ്പെട്ടത്.

ഭീഷണിപ്പെടുത്തി രഹസ്യമൊഴിയില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചിട്ടില്ല. സുഹൃത്തെന്ന നിലയ്ക്കുള്ള ഉപദേശങ്ങളാണു നല്‍കിയത്. രാഷ്ട്രീയനേതാക്കളുമായി ചാനലുകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ പരിചയമേയുള്ളൂ. റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നശേഷം അത്തരം ബന്ധങ്ങളില്ലെന്നും പറഞ്ഞു.

അതിനിടെ സ്വപ്നയുമായി സംസാരിച്ചിട്ടില്ലെന്നും ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട ആരുമായും സംസാരിച്ചിട്ടില്ലെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് അറിയിച്ചു.



Other News in this category



4malayalees Recommends