എങ്ങും പൊലീസ് ; ഹോട്ടലുകള്‍ അടപ്പിച്ചു, കറുത്ത മാസ്‌ക് അഴിപ്പിക്കുന്നു ; യുവ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ; ജനത്തെ ബുദ്ധിമുട്ടിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ; രണ്ടു പരിപാടികളുടെ സുരക്ഷക്ക് വിന്യസിച്ചത് 700 പൊലീസുകാരെ

എങ്ങും പൊലീസ് ; ഹോട്ടലുകള്‍ അടപ്പിച്ചു, കറുത്ത മാസ്‌ക് അഴിപ്പിക്കുന്നു ; യുവ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ; ജനത്തെ ബുദ്ധിമുട്ടിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ; രണ്ടു പരിപാടികളുടെ സുരക്ഷക്ക് വിന്യസിച്ചത് 700 പൊലീസുകാരെ
മുഖ്യമന്ത്രി പ്രതിഷേധത്തെ ഭയക്കുകയാണോ ? പതിവില്ലാത്ത നീക്കങ്ങളാണ് സര്‍ക്കാരിന്റെത്. ചുറ്റും പൊലീസ് വലയം തീര്‍ക്കുന്നു, ഹോട്ടലുകള്‍ അടപ്പിക്കുന്നു, കറുത്ത മാസ്‌കുകള്‍ അഴിപ്പിക്കുന്നു ... അപരിഷ്‌കൃതമായ സുരക്ഷയില്‍ ശ്വാസം മുട്ടുകയാണ് ജനം.

മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സമീപത്തെ ഹോട്ടലുകള്‍ അടപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് കാവലാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങള്‍ ബദല്‍ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിര്‍ദ്ദേശം. സുരക്ഷയ്‌ക്കെന്ന പേരില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ പൊലീസ് നല്‍കുന്നുണ്ട്. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങള്‍ എടുക്കരുതെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. മാസ്‌ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേ സമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.

മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.

Other News in this category



4malayalees Recommends