എംഎല്‍എ തള്ളിയപ്പോള്‍ തൂണു നിലത്തേക്ക് ; കോളേജ് കെട്ടിട നിര്‍മ്മാണത്തില്‍ അപാകത ; സര്‍ക്കാരിന്റെ അഴിമതിയുടെ ഫലമെന്ന് അഖിലേഷ് യാദവ്

എംഎല്‍എ തള്ളിയപ്പോള്‍ തൂണു നിലത്തേക്ക് ; കോളേജ് കെട്ടിട നിര്‍മ്മാണത്തില്‍ അപാകത ; സര്‍ക്കാരിന്റെ അഴിമതിയുടെ ഫലമെന്ന് അഖിലേഷ് യാദവ്
എംഎല്‍എ കൈകൊണ്ട് ഒന്ന് തള്ളിയ നിമിഷം നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണതാണ് വാര്‍ത്തയാകുകയാണ്.ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം എംഎല്‍എ തൊട്ടതോടെ താഴെ വീണത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഴിമതിയുടെ ഫലമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

'ബിജെപി ഭരണത്തില്‍ അഴിമതി ഒരു വിസ്മയമാണ്. എന്‍ജിനീയറിങ് കോളജ് നിര്‍മിക്കുമ്പോള്‍ ഇഷ്ടികകള്‍ അടുക്കിയിരിക്കുന്നത് സിമന്റ് പോലും ഉപയോഗിക്കാതെയാണ്' അഖിലേഷ് പരിഹസിച്ചു. പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ജില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന്റെയും ഹോസ്റ്റലുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു സമാജ്വാദി പാര്‍ട്ടിക്കാരനായ എംഎല്‍എ ഡോ. ആര്‍കെ വര്‍മ. ഹോസ്റ്റല്‍ കെട്ടിടം സന്ദര്‍ശിക്കുന്ന സമയത്ത് നിര്‍മാണം പുരോഗമിക്കുന്ന ഒരു തൂണില്‍ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് നിമിഷ നേരംകൊണ്ട് തൂണ്‍ മണ്ണിലേയ്ക്ക് പതിച്ചത്.

നാലു നിലക്കെട്ടിടമാണ് ഇവിടെ പണിയുന്നതെന്ന് എംഎല്‍എ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ തൂണില്‍ പിടിച്ച് എംഎല്‍എ തള്ളുമ്പോള്‍ അത് മറിഞ്ഞുവീഴുന്ന വിഡിയോ പങ്കുവച്ച് ബിജെപി സര്‍ക്കാരിന്റെ അഴിമതിയുടെ ഉദാഹരണമാണ് ഇതെന്ന് അഖിലേഷ് യാദവ് കുറിച്ചു.

Other News in this category



4malayalees Recommends