'ഞാന്‍ ഇത് അര്‍ഹിക്കുന്നു, അതെന്റെ എന്റെ അറിവില്ലായ്മയാണ്'; പഞ്ചാംഗം ട്രോളില്‍ പ്രതികരിച്ച് മാധവന്‍

'ഞാന്‍ ഇത് അര്‍ഹിക്കുന്നു, അതെന്റെ എന്റെ അറിവില്ലായ്മയാണ്'; പഞ്ചാംഗം ട്രോളില്‍ പ്രതികരിച്ച് മാധവന്‍
തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി; ദ നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രചരണത്തിനിടെ നടത്തിയ പരിഹാസ്യമായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍ മാധവന്‍ രംഗത്ത്. 'അല്‍മനാകിനെ തമിഴില്‍ 'പഞ്ചാംഗ്' എന്ന് വിളിച്ചതിന് ഞാന്‍ ഇത് അര്‍ഹിക്കുന്നു. അതെന്റെ എന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണ്' മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ റോക്കറ്റുകള്‍ക്ക് രണ്ട് എഞ്ചിനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്ന് എഞ്ചിനുകള്‍ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാന്‍ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, 'പഞ്ചാംഗ'ത്തിലെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവന്‍ മുന്‍പ് സിനിമ പ്രമോഷനിടെ പറഞ്ഞത്.

ഇതേ തുടര്‍ന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം മാധവനെതിരെ രംഗത്തെത്തിയിരുന്നു. കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മാധവന്റെ പരാമര്‍ശത്തിനെതിരേ ശാസ്ത്രത്തെ സ്‌നേഹിക്കുന്നവര്‍ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയര്‍ത്തിയത്.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ആര്‍ മാധവന്‍ റോക്കട്രി, ദി നമ്പി ഇഫക്ട് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നത്. നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നതും ആര്‍ മാധവന്‍ തന്നെയാണ്.

Other News in this category



4malayalees Recommends