ഇന്ത്യയിലും മണിഹെയ്സ്റ്റ്; തമിഴ്‌നാട്ടില്‍ മോഷണം പോയത് 600 മൊബൈല്‍ ടവറുകള്‍

ഇന്ത്യയിലും മണിഹെയ്സ്റ്റ്; തമിഴ്‌നാട്ടില്‍ മോഷണം പോയത് 600 മൊബൈല്‍ ടവറുകള്‍
മണി ഹെയ്സ്റ്റ് മാതൃകയില്‍ ടവര്‍ മോഷണം. തമിഴ് നാട്ടില്‍ നിന്ന് മോഷണം പോയത് 600 ല്‍ അധികം ടവറുകളാണ്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണ്‍ കാലത്താണ് തമിഴ്‌നാട്ടില്‍ നിന്ന് ടവറുകള്‍ അപ്രത്യക്ഷമായത്. മൊബൈല്‍ഫോണ്‍ കമ്പനികളുടെ ആവശ്യപ്രകാരം ടവറുകള്‍ നിര്‍മ്മിക്കുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ടവറുകള്‍ മോഷണം പോയ വിവരം തമിഴ്‌നാട് പൊലീസിനെ അറിയിച്ചത്.

കവര്‍ച്ചാസംഘം മൊബൈല്‍ ടവറുകള്‍ അഴിച്ചെടുത്ത് കടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 26,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലും 6,000 ടവറുകള്‍ സ്ഥാപിച്ചത്.

എന്നാല്‍ കൊവിഡ് വന്നതോടെ ടവറുകളിലെ നിരീക്ഷണം താല്‍ക്കാലികമായി മുടങ്ങിയിരുന്നു. ഭീമമായ നഷ്ടം വന്നതോടെ ഈ കമ്പനി 2018ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, മൊബൈല്‍ ടവറുകളുടെ പരിപാലനവും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്.

അടുത്തിടെ നെറ്റ് വര്‍ക്കിങ് ആവശ്യത്തിനായി പഴയ ടവര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെത്തിയപ്പോഴാണ് ടവറുകള്‍ മോഷണം പോയെന്ന് സ്ഥിരീകരിച്ചത്. അപ്പോള്‍ തന്നെ പരാതി നല്‍കിയതനുസരിച്ച് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിച്ച കമ്പനി അറിയിച്ചു.

Other News in this category



4malayalees Recommends