സ്യൂട്ട് കേസുകളില്‍ എന്തായിരുന്നു?; സ്വപ്ന പറയുന്നത് വാസ്തവ വിരുദ്ധമാണോ, കാന്തപുരം മറുപടി നല്‍കണമെന്ന് സമസ്ത നേതാവ്

സ്യൂട്ട് കേസുകളില്‍ എന്തായിരുന്നു?; സ്വപ്ന പറയുന്നത് വാസ്തവ വിരുദ്ധമാണോ, കാന്തപുരം മറുപടി നല്‍കണമെന്ന് സമസ്ത നേതാവ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മറുപടി നല്‍കണമെന്ന ആവശ്യവുമായി സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സ്യൂട്ട് കേസുകളില്‍ എന്തായിരുന്നു?, സ്വപ്ന പറയുന്നത് വാസ്തവ വിരുദ്ധമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സമസ്ത നേതാവ് ഉന്നയിക്കുന്നത്. കാന്തപുരത്തിന്റെയും സംഘടനയുടെയും മൗനം കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആ പെട്ടിയില്‍ എന്തായിരുന്നു…?

ബഹു.കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കോണ്‍സുല്‍ ജനറലിന്റെ ഓഫീസ് വഴി പോലീസ് പ്രൊട്ടക്ഷനില്‍ ഏതാനും സ്യൂട്ട്‌കേസുകള്‍ കോഴിക്കോട് മര്‍കസില്‍ എത്തിച്ചുവെന്ന് സ്വര്‍ണ്ണക്കടത്ത്‌കേസ് പ്രതി സ്വപ്ന സുരേഷ്. ആ സ്യൂട്ട്‌കേസുകളില്‍ എന്തായിരുന്നു…? സ്വപ്ന പറയുന്നത് വാസ്തവവിരുദ്ധമാണോ…? ആദരണിയനായ കാന്തപുരവും തന്റെ സംഘടനയും മൗനം പാലിക്കുന്നത് കൂടുതല്‍ സംശയത്തിനിടനല്‍കുന്നു.

ഉസ്താദ് അങ്ങയുടെ മുന്‍കാല ചെയ്തികള്‍ പലതും ദുരുഹമാണ്. എന്തിനാണ് ആ 'തിരുമുടികള്‍' അന്ന് കൊണ്ട് വന്നിരുന്നത്…? നരേന്ദ്ര മോഡിയുടെ സൂഫി സമ്മേളനത്തില്‍ പങ്കെടുത്തത് എന്തിനായിരുന്നു…? സ്വര്‍ഗത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്ന ആള്‍ താങ്കളാണെന്ന് അരുമശിഷ്യന്‍മാര്‍ പറഞ്ഞപ്പോള്‍ മൗനസമ്മതം നല്‍കിയത് എന്തിനായിരുന്നു…? ഔലിയാക്കളുടെ തലവന്‍ താങ്കളാണെന്ന് പറഞ്ഞപ്പോഴും താങ്കള്‍ മൗനം പാലിച്ചു. കാന്തപുരം അറിയാതെ ഇനി അള്ളാഹു ഒന്നും ചെയ്യില്ലെന്ന് സ്വന്തക്കാര്‍ പ്രവചിച്ചപ്പോള്‍ പോലും താങ്കള്‍ അതിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തു.

ഇന്നിപ്പോള്‍ താങ്കളുടെ ശിഷ്യന്മാര്‍ മഹാനായ മടവൂര്‍ ശൈഖിനെ കുറിച്ച് കെട്ടിച്ചമച്ച കള്ള കറാമത്ത് കഥകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തുപോയി കൊണ്ടിരിക്കുന്നു. പരപ്പനങ്ങാടിയില്‍ മാത്രം രണ്ട് പേര്‍ മതനിഷേധികള്‍ ആയി. സുന്നികളെ രണ്ടാക്കിയ കുറ്റഭാരം ഏറെ ഗുരുതരമാണ്. തെറ്റുകള്‍ തിരുത്താന്‍ ഇനിയും കഴിയും. ജീവിച്ചിരിക്കുന്ന സമയം ബുദ്ധിമാനായ താങ്കള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രത്യാശിക്കട്ടെ…

Other News in this category



4malayalees Recommends