കാത്തിരുന്ന് പിറന്ന കണ്‍മണിയെ കാണാന്‍ ശരത്തില്ല; സുഹൃത്തിനെ സഹായിക്കാനായി പുറപ്പെട്ട യാത്ര അവസാനത്തേതായി; ഭാര്യയെ മരണവിവരം അറിയിക്കാന്‍ കഴിയാതെ ബന്ധുക്കള്‍

കാത്തിരുന്ന് പിറന്ന കണ്‍മണിയെ കാണാന്‍ ശരത്തില്ല; സുഹൃത്തിനെ സഹായിക്കാനായി പുറപ്പെട്ട യാത്ര അവസാനത്തേതായി; ഭാര്യയെ മരണവിവരം അറിയിക്കാന്‍ കഴിയാതെ ബന്ധുക്കള്‍
വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷം കാത്തിരുന്ന് പിറന്ന പിഞ്ചോമനയെ കാണാന്‍ കൊതിച്ച് കാത്തിരുന്നിട്ടും അതിന് നിയോഗമില്ലാതെ ശരത്ത് എന്ന യുവാവ് യാത്രയായി. കുന്ദംകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ശരത്ത് മരണപ്പെട്ടപ്പോള്‍ പ്രസവ വേദനയുമായി ആശുപത്രി മുറിയില്‍ കഴിയുകയായിരുന്നു ഭാര്യ നമിത. പക്ഷേ, തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ്‍കുട്ടി പിറന്നുവെന്ന സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ ശരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം പുലര്‍ച്ചെ ഉണ്ടായ ബൈക്ക് അപകടത്തില്‍ ശരത്തിന്റെ ജീവന്‍ പൊലിഞ്ഞിരുന്നു.

ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കുന്ന സംസ്‌കാര ചടങ്ങിനു മുന്‍പു ഭാര്യ നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ലേബര്‍ റൂമിലേക്ക് പ്രസവ വേദനയുമായി കയറുന്നതിനിടയിലും നമിത അന്വേഷിച്ചത് ശരത്തിനെ ആയിരുന്നു. എന്നാല്‍ ഒന്നും അറിയിക്കാതെ നമിതയെ ആശ്വസിപ്പിക്കുകയായിരുന്നു ശരത്തിന്റെ മാതാപിതാക്കള്‍.

സുഹൃത്തിനെ സഹായിക്കാനായി പുലര്‍ച്ചെ ബൈക്കുമായി പുറപ്പെട്ട യുവാവ് വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ശരത്ത് (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

ശരത്തിന്റെ ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നാലെ പുലര്‍ച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്ക് പുറപ്പെടാനായി എല്ലാം ഒരുക്കിവെച്ച് കിടന്നതായിരുന്നു ശരത്ത്. പുലര്‍ച്ചെ ഒന്നരയോടെ കൂട്ടുകാരന്‍ ബൈക്കില്‍ പെട്രോള്‍ തീര്‍ന്ന് പാതിവഴിയില്‍ നില്‍ക്കുകയാണെന്ന് അറിയിച്ച് വിളിക്കുകയായിരുന്നു. കുന്നംകുളം അഞ്ഞൂരില്‍ പെട്ടുപോയ സുഹൃത്തിനെ സഹായിക്കാനായി മറ്റൊരു സുഹൃത്തുമായി അപ്പോള്‍ത്തന്നെ പുറപ്പെടുകയായിരുന്നു ശരത്ത്.

സുഹൃത്തിന്റെ അടുത്തെത്താനുള്ള യാത്ര മരണത്തിലേക്കാണ് എന്ന് ആരും അറിഞ്ഞിരുന്നില്ല. അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാരും പരസ്പരസഹായ സമിതി ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരത്തിന് മരണം സംഭവിച്ചിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്.

ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂല്‍പ്പുറത്ത് വീട്ടില്‍ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്.

Other News in this category



4malayalees Recommends