35 പവനും ധരിച്ച് നടന്ന സ്ത്രീയെ നേമത്ത് തട്ടിക്കൊണ്ടുപോയി; സ്വര്‍ണം മുഴുവന്‍ കവര്‍ന്നു; മര്‍ദ്ദനത്തില്‍ പല്ലും കൊഴിഞ്ഞു

35 പവനും ധരിച്ച് നടന്ന സ്ത്രീയെ നേമത്ത് തട്ടിക്കൊണ്ടുപോയി; സ്വര്‍ണം മുഴുവന്‍ കവര്‍ന്നു; മര്‍ദ്ദനത്തില്‍ പല്ലും കൊഴിഞ്ഞു
അമിതമായി സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്.

ഇവര്‍ ധരിച്ചിരുന്നു ആഭരണങ്ങള്‍ എല്ലാം തട്ടിയെടുത്തശേഷം രാത്രി എട്ടുമണിയോടെ പദ്മകുമാരിയെ ഉപേക്ഷിക്കുകയായിരുന്നു. കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തിയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, പദ്മകുമാരിയെ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ഒരു സ്ത്രീ കണ്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് റോഡരികില്‍ നിന്നും പദ്മകുമാരിയെ കണ്ടെത്തുന്നത്. കാറിലെത്തിയവര്‍ മലയാളവും തമിഴും സംസാരിക്കുന്ന അഞ്ചുപേരാണെന്ന് വീട്ടമ്മ പറഞ്ഞു. നാല്‍പ്പത് പവനോളം നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാര്‍ ഡ്രൈവര്‍ മലയാളവും ബാക്കിയുള്ളവര്‍ തമിഴുമാണ് സംസാരിച്ചത്.

ശരീരത്തില്‍നിന്ന് ആഭരണങ്ങള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. കവര്‍ച്ച തടയാന്‍ ശ്രമിച്ച പദ്മകുമാരിയെ സംഘം മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഒരു പല്ലും നഷ്ടപ്പെട്ടു. നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. നേമത്തുള്ള ബന്ധുവിന്റെ ആധാരമെഴുത്ത് ഓഫീസില്‍ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. രാവിലെ മുതല്‍ സംഘം കാറില്‍ പ്രദേശങ്ങളില്‍ കറങ്ങിയിരുന്നതായി സംശയമുണ്ട്. സംഭവത്തില്‍ നരുവാമൂട്, കാട്ടാക്കട പോലീസ് സംഘം അന്വേഷണം തുടങ്ങി.

പദ്മകുമാരി എപ്പോഴും ആഭരണങ്ങള്‍ അണിഞ്ഞാണ് നടക്കാറുള്ളതെന്നാണ് നാട്ടുകാരും പറയുന്നത്. വസ്തുവും വീടും വാങ്ങി നല്‍കുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്ന ഇടനിലക്കാരിയായാണ് പദ്മകുമാരി ജോലി ചെയ്യുന്നത്. അവിവാഹിതയായ പദ്മകുമാരി കുടുംബവീട്ടില്‍ ബന്ധുക്കളോടൊപ്പമാണ് താമസം. ആഭരണങ്ങള്‍ ഇത്രയും ധരിച്ച് നടക്കരുതെന്ന് നേരത്തെ പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends