സ്വന്തം വേദനയ്ക്കിടയിലും അനിയന് നോവരുതെന്ന പ്രാര്‍ത്ഥനയോടെ സഹായത്തിനായി മുന്നോട്ടുവന്ന എസ്എംഎ രോഗ ബാധിതയായ മാട്ടൂല്‍ സ്വദേശിനി അഫ്ര അന്തരിച്ചു. വിദ്യാര്‍ത്ഥിനിയായ അഫ്ര വീല്‍ചെയറിലായിരുന്നു ജീവിതകാലം മുഴുവനും.
എല്ല് പൊടിയുന്ന അഫ്രയുടെ നോവ് കേരളക്കരയ്ക്കാകെ കണ്ണീരായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. എസ്എംഎ രോഗബാധിതയായ അഫ്രക്ക് വിലയേറിയ മരുന്ന് ലഭിക്കാത്തതിനാല്‍ ജീവിതം വീല്‍ചെയറിലായിരുന്നു.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച് അനിയന് വേണ്ടി അതേ രോഗത്തിന്റെ ചികിത്സയുടെ നോവിന് ഇടയിലാണ് അഫ്ര അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നത്. ഇളയ സഹോദരന് മുഹമ്മദിന്റെ ചികിത്സക്കായാണ് അഫ്രയുടെ വീഡിയോ പുറത്തെത്തിയത്.
'ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാവരുതെന്ന്' പറഞ്ഞുള്ള അഫ്രയുടെ വാക്കുകള്‍ കേട്ട് മുഹമ്മദിന് വേണ്ടി ലോകമലയാളികള്‍ കൈകോര്‍ക്കുകയും കോടികള്‍ സമാഹരിച്ച് നിര്‍ധന കുടുംബത്തിന് കൈമാറുകയും ചെയ്തിരുന്നു. മുഹമ്മദിന്റെ ചികിത്സ വിജയകരമായി പൂര്‍ത്തിയാവുകയാണ്.