ലിംഗ സമത്വത്തിന് എതിരെ ഒന്നും പറഞ്ഞില്ല, ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി എം കെ മുനീര്‍

ലിംഗ സമത്വത്തിന് എതിരെ ഒന്നും പറഞ്ഞില്ല, ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി എം കെ മുനീര്‍

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് വിശദീകരണവുമായി ഡോ. എം.കെ മുനീര്‍ എംഎല്‍എ. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.


ലിംഗനീതിയാണ് വേണ്ടത്. ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ പുരുഷന്റെ വസ്ത്രം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ലിംഗപക്ഷപാതമാണ്. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെയാണ്, മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ഈ ആ അര്‍ത്ഥത്തിലാണെന്നും മുനീര്‍ പറഞ്ഞു. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പിഎമ്മിന്റെ ഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ പുരോഗമനവാദിയാണ് പക്ഷെ അരാജകവാദിയല്ല. കുട്ടികളികളുടെമേല്‍ കമ്മ്യൂണിസ്റ്റ് ചിന്തകളെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎം പാഠ്യ പദ്ധതിയില്‍ മതനിരാസം ഒളിച്ചുകടത്തുന്നു. 70 ശതമാനം പെണ്‍കുട്ടികളുള്ള സ്‌കൂളില്‍ 30 ശതമാനം വരുന്ന ആണ്‍കുട്ടികളുടെ വസ്ത്രം എല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ രീതി ലോകത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം സ്ത്രീവിരുദ്ധ പാര്‍ട്ടിയാണ്. എം.എം മണിയുടെയും വിജയരാഘവന്റെയും പ്രസ്താവന അതിന് ഉദാഹരണമാണ്. ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവരാണ് ലിംഗസമത്വം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുനീര്‍ പരിഹസിച്ചു. തന്റെ പ്രസ്താവന പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമല്ല. ലീഗ് ഇടതുപക്ഷത്തേക്ക് പോയാലും ഈ നിലപാടുകളില്‍ മാറ്റമുണ്ടാവില്ല.

സിപിഎമ്മിന്റെയും ലീഗിന്റേയും ആശയങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ആശയപരമായി ഒന്നിച്ച് പോകാനാകില്ലെവന്നും മുനീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം

കോഴിക്കോട് നടന്ന എംഎസ്എഫ് സമ്മേളനത്തിലായിരുന്നു മുനീറിന്റെ വിവാദ പ്രസംഗം. ലിംഗസമത്വത്തിന് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം നടപ്പാക്കുന്ന പിണറായി വിജയന്‍ സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

Other News in this category



4malayalees Recommends