മിനി ബജറ്റ് അടുത്ത ആഴ്ച; നാഷണല്‍ ഇന്‍ഷുറന്‍സ്, കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനവും പിന്‍വലിക്കും; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ ലിസ് ട്രസിന്റെ പ്രഖ്യാപനങ്ങള്‍ വരുന്നു; ജീവിതച്ചെലവ് പ്രതിസന്ധികളില്‍ ഉഴലുന്ന ജനത കാത്തിരിക്കുന്നു

മിനി ബജറ്റ് അടുത്ത ആഴ്ച; നാഷണല്‍ ഇന്‍ഷുറന്‍സ്, കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനവും പിന്‍വലിക്കും; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നികുതി കുറയ്ക്കാന്‍ ലിസ് ട്രസിന്റെ പ്രഖ്യാപനങ്ങള്‍ വരുന്നു; ജീവിതച്ചെലവ് പ്രതിസന്ധികളില്‍ ഉഴലുന്ന ജനത കാത്തിരിക്കുന്നു

ജീവിതച്ചെലവ് പ്രതിസന്ധികളില്‍ നിന്നും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മിനി ബജറ്റ് പ്രഖ്യാപനങ്ങള്‍ അടുത്ത ആഴ്ച തന്നെ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. അടുത്ത വെള്ളിയാഴ്ച നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകുമെന്നാണ് വിവരം.


ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിനി ബജറ്റ് ഇനിയും വൈകിപ്പിക്കില്ലെന്നാണ് കരുതുന്നത്. കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ പോക്കറ്റില്‍ പണം തിരികെ എത്തിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന. രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജ്യം രാഷ്ട്രീയ രംഗത്ത് നിന്നും ശ്രദ്ധ തിരിഞ്ഞ നിലയിലാണ്. മിനി ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ ശ്രദ്ധ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ലിസ് ട്രസ്.

ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ നികുതി നിര്‍ത്തലാക്കുന്നതിന് പുറമെ അടുത്ത വര്‍ഷം വര്‍ദ്ധിപ്പിക്കാനിരിക്കുന്ന കോര്‍പ്പറേഷന്‍ ടാക്‌സും നീക്കവും തടയും. 150 ബില്ല്യണ്‍ പൗണ്ടിന്റെ എനര്‍ജി പാക്കേജ് ഏത് വിധത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും മിനി ബജറ്റില്‍ വ്യക്തമാകും. എന്നാല്‍ എനര്‍ജി സ്ഥാപനങ്ങള്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെയ്ക്കുമെന്നതിനാല്‍ ഇതിന് നിയമനിര്‍മ്മാണങ്ങളുടെ ആവശ്യം വരില്ല.

ജീവിതച്ചെലവ് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ മറ്റ് പോംവഴികളും പ്രധാനമന്ത്രി പരിശോധിക്കുന്നുണ്ട്. ഇതോടൊപ്പം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് മുന്നോട്ട് നയിക്കാനും പദ്ധതികള്‍ ആവശ്യമാണ്. ആഗോള ഗ്യാസ് വില വര്‍ദ്ധനവില്‍ നിന്നും സുരക്ഷയേകാന്‍ 1000 പൗണ്ട് വരെ കുറവ് നല്‍കുന്ന തരത്തില്‍ ബില്‍ ഫ്രീസിംഗാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 3500 പൗണ്ടിലേക്ക് ഉയരാന്‍ ഇരിക്കവെയാണ് ട്രസിന്റെ ഇടപെടല്‍. ഇതോടെ ഒക്ടോബര്‍ 1 മുതല്‍ എനര്‍ജി ബില്‍ 2500 പൗണ്ടില്‍ മരവിപ്പിച്ച് നിര്‍ത്താനാണ് തീരുമാനം. ജനങ്ങള്‍ക്ക ഏറെ ആശ്വാസകരമാകുന്ന മറ്റ് ധനസഹായങ്ങള്‍ ഉണ്ടാകുമോയെന്നാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.
Other News in this category



4malayalees Recommends