എന്‍എച്ച്എസ് നഴ്‌സുമാരുടെ ഒഴിവുകളില്‍ ഒരു വര്‍ഷത്തിനിടെ 21% വര്‍ദ്ധന; രോഗികളെ ഉപേക്ഷിച്ച് പണിമുടക്കാന്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ തയ്യാറാകുമോ? നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്‌സ് സമരവിജയത്തിന്റെ കഥ ഓര്‍മ്മിപ്പിച്ച് ആര്‍സിഎന്‍

എന്‍എച്ച്എസ് നഴ്‌സുമാരുടെ ഒഴിവുകളില്‍ ഒരു വര്‍ഷത്തിനിടെ 21% വര്‍ദ്ധന; രോഗികളെ ഉപേക്ഷിച്ച് പണിമുടക്കാന്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ തയ്യാറാകുമോ? നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്‌സ് സമരവിജയത്തിന്റെ കഥ ഓര്‍മ്മിപ്പിച്ച് ആര്‍സിഎന്‍

എന്‍എച്ച്എസ് നഴ്‌സുമാരുടെ ഒഴിവുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ ഒഴിവുകളില്‍ 21% വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവില്‍ 46,828 രജിസ്റ്റേഡ് നഴ്‌സ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ഡാറ്റ പറയുന്നു.


ഇതിനിടയിലാണ് ശമ്പള വിഷയത്തില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ സമരത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഇതുവരെ പണിമുടക്ക് നടത്തിയ ചരിത്രമില്ല. എന്നാല്‍ നിലവിലെ എന്‍എച്ച്എസിലെ അവസ്ഥ സേവന മനോഭാവത്തെ മറക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ്.

രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് സമരം സംബന്ധിച്ച് ആര്‍സിഎന്‍ നടത്താനിരുന്ന ബാലറ്റ് നീട്ടിവെച്ചിട്ടുണ്ട്. എന്നിരുന്നാലും ആശുപത്രികള്‍ സന്ദര്‍ശിച്ച് നഴ്‌സുമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍. ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താതിരിക്കാന്‍ എന്‍എച്ച്എസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

നഴ്‌സുമാര്‍ സമരത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പാറ്റ് കുള്ളെന്റെ നിലപാട്. ശമ്പള പ്രശ്‌നം മാത്രമല്ല, ജോലി സാഹചര്യം അത്രയേറെ മോശമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം നഴ്‌സുമാരായി പരിശീലനം നേടാന്‍ അപേക്ഷ നല്‍കിയവരുടെ എണ്ണത്തില്‍ 8% കുറവുണ്ട്. മുന്നോട്ടുള്ള വഴി കാണുന്ന പലരും പഠനം ഇടയ്ക്ക് വെച്ച് നിര്‍ത്തുന്നു, കുള്ളെന്‍ വ്യക്തമാക്കി.


അമിതജോലിഭാരത്താല്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലുള്ള രജിസ്‌റ്റേഡ് നഴ്‌സുമാര്‍ക്ക്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയുന്നില്ല. ബാന്‍ഡ് 5-ല്‍ വരുന്ന നഴ്‌സുമാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത തരത്തിലാണ് വരുമാനം.

സ്വര്‍ഗ്ഗം പ്രതീക്ഷിച്ചെത്തുന്ന വിദേശ ജോലിക്കാര്‍ ഇവിടെ ജീവിക്കാന്‍ കഴിയാതെ വരുന്നതോടെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുന്നതായി പാറ്റ് കുള്ളെന്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സമരത്തിന് പ്രസക്തിയേറുകയാണ്.

രോഗികളെ വിട്ട് എങ്ങിനെ സമരത്തിന് ഇറങ്ങുമെന്ന് ചോദിക്കുന്ന നഴ്‌സുമാരോട് 2019-ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നടന്ന സമരത്തെ കുറിച്ച് പറഞ്ഞുകൊടുക്കുകയാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി. അഞ്ച് ദിവസത്തെ നഴ്‌സുമാരുടെ സമരം ശമ്പള വര്‍ദ്ധന നേടിക്കൊടുത്തിരുന്നു.

Other News in this category



4malayalees Recommends