ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ കൊലപാതകം; അങ്കിതയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവ്; നാട്ടുകാര്‍ റിസോര്‍ട്ട് കത്തിച്ചു

ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിലെ കൊലപാതകം; അങ്കിതയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവ്; നാട്ടുകാര്‍ റിസോര്‍ട്ട് കത്തിച്ചു
ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നു. വനതാര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19കാരി അങ്കിത ഭണ്ഡാരിയുടേത് മുങ്ങി മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായിരുന്നു 19കാരി അങ്കിത. ശനിയാഴ്ച രാവിലെ സമീപത്തെ ഒരു കനാലില്‍നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുകയും കേസില്‍ പുല്‍കിത് അറസ്റ്റിലാകുകയും ചെയ്തതോടെ വിനോദ് ആര്യയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി നടപടിയെടുത്തിരുന്നു.

പുല്‍കിതിനൊപ്പം കേസില്‍ അറസ്റ്റിലായ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് അങ്കിതയെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഇവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ്‌മൊഴി.

പ്രതികാളായ മൂവരെയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാണാതായ രാത്രി പ്രധാന പാചകക്കാരനെ അങ്കിത കരഞ്ഞുകൊണ്ട് വിളിച്ചിരുന്നതായി റിസോര്‍ട്ടിലെ ജീവനക്കാരനായ മന്‍വീര്‍ സിങ് ചൗഹാന്‍ വെളിപ്പെടുത്തിയിരുന്നു.സെപ്റ്റംബര്‍ 18ന് ഉച്ചക്ക് മൂന്നിനാണ് അങ്കിതയെ അവസാനമായി റിസോര്‍ട്ടില്‍ കണ്ടത്.

പ്രതികളായ മൂന്നുപേര്‍ക്കൊപ്പമാണ് അങ്കിത റിസോര്‍ട്ടില്‍നിന്ന് പുറത്തു പോയത്. രാത്രി ഒമ്പതിന് സംഘം തിരികെ എത്തി. എന്നാല്‍ കൂടെ അങ്കിത ഉണ്ടായിരുന്നില്ലെന്നും റിസോര്‍ട്ട് ജീവനക്കാരന്‍ പറയുന്നു. അതേസമയം, കൊലപാതകത്തിനു പിന്നില്‍ അങ്കിത ലൈംഗിക ആവശ്യങ്ങള്‍ക്കു വഴങ്ങാത്തതാണെന്ന് ഇവരുടെ കുടുംബം ആരോപിച്ചു.

അങ്കിതയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഋഷികേശിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Other News in this category4malayalees Recommends