നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവം ; മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവം ; മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ
നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ് രേഖകള്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിവരമറിയിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

2021 ഫെബ്രുവരി മാസത്തില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം വിചാരണ പൂര്‍ത്തിയാക്കി ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. രണ്ട് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് കുട്ടിയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയത്. കുട്ടിയെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന തരത്തില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇവരെ സോഷ്യല്‍ മീഡിയയിലൂടെ സമീപിച്ചാണ് കേസിലെ എല്ലാ പ്രതികളെയും കുടുക്കിയത്. അമ്മയ്!ക്ക് പുറമെ, അമ്മയില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത് കൊണ്ടുവരാമെന്ന് സമ്മതിച്ച മറ്റൊരു യുവതി, ജുമൈറ ഏരിയയില്‍ വെച്ച് കുഞ്ഞിനെ ഏറ്റുവാങ്ങാനെത്തിയ മറ്റൊരു യുവതി എന്നിവരാണ് അറസ്റ്റിലായത്.

തന്റെ ഒരു അവിഹിത ബന്ധത്തില്‍ പിറന്നതായിരുന്നു കുട്ടിയെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പണം ആവശ്യമായിരുന്നതിനാലാണ് കുട്ടിയെ വില്‍ക്കാന്‍ തയ്യാറായതെന്നും അമ്മ പറഞ്ഞു. വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി, കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.

Other News in this category4malayalees Recommends