ശശി തരൂരിന്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പെന്ന് സൂചന ; മുഖ്യമന്ത്രി പദത്തിലേക്കുള്ള ചുവടുവയ്പ്പ് ; കോണ്‍ഗ്രസില്‍ പോര് രൂക്ഷമായേക്കും

ശശി തരൂരിന്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പെന്ന് സൂചന ; മുഖ്യമന്ത്രി പദത്തിലേക്കുള്ള ചുവടുവയ്പ്പ് ; കോണ്‍ഗ്രസില്‍ പോര് രൂക്ഷമായേക്കും
ശശി തരൂരിന്റെ കേരളത്തെ കേന്ദ്രീകരിച്ചുള്ള പര്യടനങ്ങള്‍ ചില ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തരൂരിന്റെ തീരുമാനമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസില്‍ പോര് മുറുകുകയാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വരികയാണെങ്കില്‍ നേമത്ത് തരൂര്‍ തന്നെയായിരിക്കും. തിരുവനന്തപുരം മണ്ഡലവും തരൂര്‍ നോട്ടമിടുന്നുണ്ട്. വി എസ് ശിവകുമാറിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ശശി തരൂര്‍ തന്നെ വരാനും സാധ്യതയുണ്ട്. ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അവകാശവാദമുന്നയിക്കാതിരിക്കാനാണ് അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് കെ മുരളീധരന്‍ രംഗത്ത് വന്നതെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരാനാണ് തരൂര്‍ ആഗ്രഹിക്കുന്നത്. നേരത്തെ പറഞ്ഞ ഏത് മണ്ഡലത്തില്‍ നിന്നും അദ്ദേഹം മല്‍സരിച്ചാലും ജയിക്കുമെന്നുറപ്പാണ്. ഇതില്‍ വട്ടിയൂര്‍ക്കാവ് സി പിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. മുന്‍ മേയര്‍ വി കെ പ്രശാന്താണ് അവിടുത്തെ എം എല്‍എ എന്നാല്‍ കെ മുരളീധരനോ, ശശി തരൂരോ മല്‍സരിച്ചാല്‍ ആ സീറ്റ് നിഷ്പ്രയാസം കോണ്‍ഗ്രസിന് നേടാമെന്നാണ് കണക്കൂകൂട്ടല്‍. കാരണം അടിസ്ഥാനപരമായി വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസ് സീറ്റാണ്.

കേരളത്തില്‍ കാലുറപ്പിക്കാനുള്ള തരൂര്‍ ശ്രമത്തിന് ചില മുതിര്‍ന്ന നേതാക്കള്‍ അരിശത്തിലാണ്.നിയസഭയിലേക്ക് ജയിക്കുകയും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുകയും ചെയ്താല്‍ തരൂര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശമുന്നയിക്കും. അപ്പോള്‍ നിയമസഭാ കക്ഷിയില്‍ മല്‍സരവും വരും. മാത്രമല്ല മുസ്‌ളീം ലീഗിനെപ്പോലെ യുഡി എഫില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു പാര്‍ട്ടി തരൂരിനെ അനുകൂലിക്കുകയും ചെയ്യും. അതിനാല്‍ തന്നെ പര്യടനം ഉള്‍പ്പെടെ തരൂരിന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് മുതിര്‍ന്ന ചില നേതാക്കള്‍ നോക്കി കാണുന്നത്.

Other News in this category4malayalees Recommends