ശമ്പളപ്രശ്‌നത്തില്‍ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കാന്‍ കൂടുതല്‍ സമരങ്ങളുമായി ഹെല്‍ത്ത് വര്‍ക്കേഴ്‌സ്; ആറ് പണിമുടക്കുകള്‍ കൂടി പ്രഖ്യാപിക്കും; ആംബുലന്‍സ് ജോലിക്കാര്‍ക്ക് പുറമെ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും സമരഭീഷണി മുഴക്കുന്നു

ശമ്പളപ്രശ്‌നത്തില്‍ ഗവണ്‍മെന്റിനെ മുട്ടുകുത്തിക്കാന്‍ കൂടുതല്‍ സമരങ്ങളുമായി ഹെല്‍ത്ത് വര്‍ക്കേഴ്‌സ്; ആറ് പണിമുടക്കുകള്‍ കൂടി പ്രഖ്യാപിക്കും; ആംബുലന്‍സ് ജോലിക്കാര്‍ക്ക് പുറമെ ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും സമരഭീഷണി മുഴക്കുന്നു

ശമ്പളവര്‍ദ്ധന വിഷയത്തില്‍ യൂണിയനുകളും, മന്ത്രിമാരും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതിന് പിന്നാലെ കൂടുതല്‍ സമരഭീഷണിയുമായി ആംബുലന്‍സ് ജോലിക്കാരും, ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും. മന്ത്രിമാരെ സമ്മര്‍ദത്തിലാക്കാന്‍ തിങ്കളാഴ്ചയോടെ ആംബുലന്‍സ് ജോലിക്കാരുടെ ആറ് പണിമുടക്കുകള്‍ കൂടി ജിഎംബി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.


ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരനടപടികളുമായി മുന്നോട്ട് പോകണമെന്ന നിലപാടിലാണ് ഇപ്പോള്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ റിയല്‍ ടേം പേയില്‍ 25 ശതമാനം ഇടിവ് വന്നത് തിരിച്ചാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ബിഎംഎ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫസര്‍ ഫില്‍ ബാന്‍ഫീല്‍ഡ് വ്യക്തമാക്കി.

'ജൂനിയര്‍ ഡോക്ടര്‍മാര്‍ ബാലറ്റ് തുടങ്ങിയപ്പോള്‍ തന്നെ ഏറെ കാത്തിരുന്ന ഗവണ്‍മെന്റുമായുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നു. അങ്ങിനെയെങ്കില്‍ 'യെസ്' വോട്ട് എത്രത്തോളം ഗുണം ചെയ്യുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ', ഹെല്‍ത്ത് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം ബാന്‍ഫീല്‍ഡ് പറഞ്ഞു.

ഇതിനിടെ അടുത്ത ആഴ്ച രണ്ട് സമരങ്ങള്‍ നിശ്ചയിച്ചിട്ടുള്ള റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗുമായി പുതിയ ചര്‍ച്ചകള്‍ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സ്റ്റീവ് ബാര്‍ക്ലേ. എന്നാല്‍ എത്രത്തോളം ശമ്പളവര്‍ദ്ധന ഓഫര്‍ ചെയ്യുമെന്നും, ഫണ്ടിംഗ് എവിടെ നിന്നും വരുമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ് എത്തിയിട്ടുള്ളത്.

ട്രഷറിക്ക് മുന്നില്‍ നിര്‍ദ്ദേശങ്ങളൊന്നും എത്തിയിട്ടില്ലെന്നതിനാല്‍ അധിക ഫണ്ട് നല്‍കാന്‍ സാധ്യതയില്ല. നിലവിലെ ബജറ്റ് തന്നെ മെച്ചപ്പെട്ട രീതിയില്‍ ചുരുക്കി ഉപയോഗിച്ച് അധിക ഫണ്ട് നേടാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതമാകും.
Other News in this category



4malayalees Recommends