നാസയുടെ മനുഷ്യനെ വഹിച്ചുള്ള ചൊവ്വാദൗത്യത്തിന്റെ റിഹേഴ്‌സല്‍ ജൂണ്‍ അവസാനം തുടങ്ങും; ചൊവ്വക്ക് സമാനമായ ഫെസിലിറ്റിയില്‍ നാല് പേരെ 12 മാസം താമസിപ്പിക്കും; കാനഡക്കാരി നയിക്കുന്ന മാര്‍സ് ഡൂണ്‍ ആല്‍ഫയിലെ വിശേഷങ്ങള്‍

നാസയുടെ മനുഷ്യനെ വഹിച്ചുള്ള ചൊവ്വാദൗത്യത്തിന്റെ റിഹേഴ്‌സല്‍ ജൂണ്‍ അവസാനം തുടങ്ങും; ചൊവ്വക്ക് സമാനമായ ഫെസിലിറ്റിയില്‍ നാല് പേരെ 12 മാസം താമസിപ്പിക്കും; കാനഡക്കാരി നയിക്കുന്ന മാര്‍സ് ഡൂണ്‍ ആല്‍ഫയിലെ വിശേഷങ്ങള്‍
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ മനുഷ്യന് എന്നുമൊരു പിടികിട്ടാത്ത ഗ്രഹമാണ്. എന്നാല്‍ ചൊവ്വയില്‍ താമസിക്കുകയെന്നത് വെറുമൊരു പകല്‍ക്കിനാവല്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് നാസ ഇപ്പോള്‍. അധികം വൈകാതെ മനുഷ്യരെയും വഹിച്ച് കൊണ്ട് നടത്താനൊരുങ്ങുന്ന ചൊവ്വാ ദൗത്യത്തിന്റെ ട്രയല്‍ നിലയില്‍ മാര്‍സ് സിമുലേറ്ററില്‍ നാല് വളണ്ടിയര്‍മാരെ 12 മാസത്തോളം താമസിപ്പിക്കാനാണ് നാസ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.

ടെക്‌സാസിലെ ഹൂസ്റ്റണില്‍ ചൊവ്വയിലെ അന്തരീക്ഷത്തിനും പരിതസ്ഥിതിക്കും സമാനമായ ഒരു മാര്‍സിയന്‍ ഹാബിറ്റാറ്റ് ഒരുക്കിയാണ് നാസ ഈ നാല് വളണ്ടിയര്‍മാരെ ജൂണ്‍ അവസാനം മുതല്‍ ഒരു വര്‍ഷത്തോളം ഇവിടെ പരീക്ഷണാര്‍ത്ഥം താമസിപ്പിക്കുന്നത്. യുഎസില്‍ പിആറുള്ള കനേഡിയന്‍ ബയോളജിസ്റ്റായ കെല്ലി ഹാസ്റ്റണാണ് ഈ സംഘത്തിന് നേതൃത്വമേകുന്നത്. ഈ സാഹസിക ദൗത്യത്തിന് താന്‍ തയ്യാറെടുത്ത് വരുന്നുവെന്നാണ് 52കാരിയായ കെല്ലി പറയുന്നത്.

ചൊവ്വയിലെ തികച്ചും പ്രതികൂലമായ പരിസ്ഥിതിയില്‍ ദീര്‍ഘകാലം താമസിക്കാനുള്ള ട്രയലായാണ് താന്‍ ഇതിനെ കാണുന്നതെന്നാണ് കെല്ലി വ്യക്തമാക്കുന്നത്. നാസയുടെ പുതിയ പരീക്ഷണത്തിന്റെ ഭാഗമായി കെല്ലിക്കൊപ്പം ഒരു എന്‍ജിനീയര്‍, ഒരു എമര്‍ജന്‍സി ഡോക്ടര്‍, ഒരു നഴ്‌സ് എന്നിവരാണ് നാസ് വളണ്ടിയര്‍മാരായി ഈ സംവിധാനത്തില്‍ താമസിക്കുന്നത്. മാര്‍സ് ഡൂണ്‍ ആല്‍ഫ എന്നറിയപ്പെടുന്ന ഈ ഹാബിറ്റാറ്റ് 3ഡിയില്‍ പ്രിന്റ് ചെയ്യപ്പെട്ട 1700 സ്‌ക്വയര്‍ ഫൂട്ട് ഫെസിലിറ്റിയാണ്.

ബെഡ്‌റൂമുകള്‍, ജിം, കോമണ്‍ ഏരിയകള്‍, ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാനായി ഒരു വെര്‍ട്ടിക്കല്‍ ഫാം എന്നിവയാണ് ഈ സംവിധാനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിലെ ഔട്ട്‌ഡോര്‍ ഏരിയകളില്‍ തങ്ങള്‍ സ്‌പേസ് വാക്ക് അല്ലെങ്കില്‍ മാര്‍സ് വാക്ക് പരിശീലിക്കുമെന്നാണ് കെല്ലി ആവേശത്തോടെ പറയുന്നത്. ഈ ഏരിയ എയര്‍ലോക്കിനാല്‍ വേര്‍തിരിച്ചതും ചൊവ്വയെ അനുകരിച്ച് ചുവന്ന മണല്‍ നിറച്ചതുമാണ്.

ചൊവ്വയിലേതിന് സമാനമായി എന്ത് കഷ്ടപ്പാടും താങ്ങാന്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്ന രീതിയിലാണ് ഈ ഫെസിലിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ ചിലപ്പോള്‍ ഭക്ഷണത്തിനും വെള്ളത്തിനും വരെ ക്ഷാമം നേരിട്ടേക്കാം. ഭൂമിയുമായി ആശയവിനിമയം നടത്തുന്നതിനും തടസ്സങ്ങളുണ്ടാകുന്ന വിധത്തിലാണിത് സംവിധാനം ചെയ്തിരിക്കുന്നത്. വൈകാതെ ചൊവ്വയിലേക്ക് പോകാനുള്ള യഥാര്‍ത്ഥ ദൗത്യത്തില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കുമെന്ന ആവേശത്താല്‍ എന്തും സഹിക്കാന്‍ തയ്യാറാണെന്നാണ് കെല്ലിയും സഹപ്രവര്‍ത്തകരും പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends