ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെക്കൊണ്ട് ലൈന്‍മാന്‍ ചെരിപ്പ് നക്കിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ പ്രതിയുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുപിയിലെ സോനബദ്ര ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും അവരുടെ വീട് ഇടിച്ച് നിരത്തണമെന്നും അധിക്ഷേപത്തിനിരയായ യുവാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടായിരുന്നു യുവാവിന്റെ അഭ്യര്‍ത്ഥന.
ദളിത് യുവാവായ രാജേന്ദ്ര ചമാറാണ് ആക്രമണത്തിനിരയായത്. വൈദ്യുതി വകുപ്പിലെ ലൈന്‍മാനായ തേജ്ബലി സിംഗ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചമാറിനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ പട്ടികജാതിപട്ടികവര്‍ഗ്ഗ സംരക്ഷണ നിയമമനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അമിത് കുമാര്‍ പറഞ്ഞു. ജൂലൈ ആറിനാണ് സംഭവം നടന്നത്. ബഹൗര്‍ ജില്ലാ സ്വദേശിനിയാണ് ചമാര്‍. ബാല്‍ദിഹിലുള്ള തന്റെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ഈ ദുരനുഭവമുണ്ടായത്.
ബന്ധുവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട ചമാര്‍ അത് ശരിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തേജ്ബലിയുടെ വരവ്. വൈദ്യുതി വകുപ്പിലെ ലൈന്‍മാനായ തേജ്ബലി ചമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തേജ്ബലി ചമാറിനെ ഉപദ്രവിക്കുകയും തന്റെ ഷൂസിലേക്ക് തുപ്പിയതിന് ശേഷം അത് നക്കിത്തുടയ്ക്കാന്‍ ഇയാള്‍ ചമാറിനോട് ആവശ്യപ്പെടുകയുമായിരുന്നു. ശേഷം ചമാറിനെ നിര്‍ബന്ധിച്ച് തന്റെ ഷൂസ് നക്കിപ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ നിരവധി പേര്‍ യുപി പോലീസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കൂടാതെ പട്ടേല്‍ ചമാറിന്റെ കൈപിടിച്ച് തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് ആക്രമണത്തിനിരയായ യുവാവ് പറയുന്നു. പ്രതിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു. ' പ്രതിയുടെ വീട് ഇടിച്ച് നിരത്തണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണ്. ഒരു മനുഷ്യനായ എന്നെ അവര്‍ അത്രയും നികൃഷ്ടമായാണ് ആക്രമിച്ചത്,' ചമേര്‍ പറഞ്ഞു.