യുഎസില്‍ വളര്‍ത്തു നായകളില്‍ അപൂര്‍വരോഗം പടര്‍ന്ന് പിടിക്കുന്നു; ശ്വാസകോശരോഗത്തെ തുടര്‍ന്ന് നിരവധി നായകള്‍ ചത്തത് കടുത്ത ആശങ്കയുണ്ടാക്കുന്നു; നായകളില്‍ നിന്ന് ഈ രോഗം മനുഷ്യരിലേക്ക് പടരുമെന്നും പരിഭ്രാന്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍

യുഎസില്‍ വളര്‍ത്തു നായകളില്‍ അപൂര്‍വരോഗം പടര്‍ന്ന് പിടിക്കുന്നു; ശ്വാസകോശരോഗത്തെ തുടര്‍ന്ന് നിരവധി നായകള്‍ ചത്തത് കടുത്ത ആശങ്കയുണ്ടാക്കുന്നു; നായകളില്‍ നിന്ന് ഈ രോഗം മനുഷ്യരിലേക്ക് പടരുമെന്നും പരിഭ്രാന്തി; അന്വേഷണം ആരംഭിച്ച് അധികൃതര്‍
യുഎസിലെ വിവിധ സ്‌റ്റേറ്റുകളില്‍ നായകളില്‍ അപൂര്‍വരോഗം പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്നുളള ആശങ്കകള്‍ ശക്തമായി. നായകളില്‍ ഈ അപൂര്‍വ ശ്വാസകോശരോഗം പടര്‍ന്ന് പിടിക്കുന്നതിനെക്കുറിച്ച് വെറ്ററിനറി ലബോറട്ടറികള്‍ ത്വരിതഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് നായകളെ വളര്‍ത്തുന്നവര്‍ അവയുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും വ്യാപകമായി ഉയര്‍ന്നിട്ടുണ്ടെന്ന് ന്യൂസ് ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്യുന്നു.നായകളിലുണ്ടാകുന്ന അസ്വസ്ഥകള്‍ മൂര്‍ച്ഛിച്ച് ശ്വാസകോശരോഗവും ന്യൂമോണിയയുമായി സ്ഥിതി വഷളാകുന്ന അവസ്ഥയാണിത്.നിരവധി നായകളാണ് ഈ രോഗം ബാധിച്ച് ചത്തിരിക്കുന്നത്.

ഈ അവസ്ഥയില്‍ ആന്റിബയോട്ടിക്ക് ട്രീറ്റ്‌മെന്റ് പോലും ഏല്‍ക്കാത്ത സ്ഥിതി കടുത്ത ആശങ്കക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒറിഗോണ്‍, കൊളറാഡോ, ന്യൂ ഹാംപ്‌ഷെയര്‍ തുടങ്ങിയ നിരവധി സ്റ്റേറ്റുകളില്‍ നിന്ന് ഇത്തരം അനേകം കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ രോഗത്തിന്റെ ലക്ഷണങ്ങളായി ചുമ, മൂക്കൊലിപ്പ്, മൂക്കില്‍ നിന്ന് അല്ലെങ്കില്‍ കണ്ണില്‍ നിന്ന് വെള്ളമൊഴുകല്‍ തുടങ്ങിയവയാണുണ്ടാകുന്നത്. ചില കേസുകളില്‍ നായകളില്‍ കടുത്ത ന്യൂമോണിയ കാരണം 24 മുതല്‍ 36 മണിക്കൂറുകള്‍ക്കുള്ളില്‍ അവയുടെ സ്ഥിതി വഷളാകുന്ന അവസ്ഥയുമുണ്ട്.

ഓഗസ്റ്റ് മധ്യം മുതല്‍ ഒറിഗോണില്‍ മാത്രം ഇത്തരം 200ല്‍ അധികം കേസുകള്‍ ഒറിഗോണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ സ്ഥിരീകരിച്ചുവെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ നായകള്‍ക്ക് ഈ ലക്ഷണങ്ങളുടെ തുടക്കമുണ്ടെന്ന സംശയമുണ്ടെങ്കില്‍ പോലും അവയെ വെറ്റിനററി ഡോക്ടറെ കാണിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് നായകളെ വളര്‍ത്തുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും സ്‌റ്റേറ്റ് വെറ്ററിനേറിയന്‍മാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. റിസര്‍ച്ചര്‍മാര്‍, യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചേര്‍സ് നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ ഈ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുളള അന്വേഷണം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആരംഭിച്ചിട്ടുണ്ട്. നായകളില്‍ നിന്ന് ഈ രോഗം മനുഷ്യരിലേക്ക് പടരുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്ന് ഇതിനുളള സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends