മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില്‍ സ്ത്രീ പിടിയില്‍

മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില്‍ സ്ത്രീ പിടിയില്‍
എമിറേറ്റില്‍ ആളുകളെ സ്വാധീനിച്ച് പണം തട്ടുന്ന സ്ത്രീയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രവാദ മാലകള്‍, മന്ത്രവാദ മൂടുപടം, പേപ്പറുകള്‍, ഉപകരണങ്ങള്‍ എന്നിവയുമായി റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണ് യാചന നടത്തുന്ന സ്ത്രീയെ പിടികൂടിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സസ്‌പെക്ട്‌സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സലേം അല്‍ ഷംസി പറഞ്ഞു.

ആളുകളില്‍ നിന്ന് പണം തട്ടുന്നതിനുവേണ്ടിയുള്ള തന്ത്രമാണിത്. ഭിക്ഷാടകരോട് സഹതാപം തോന്നുകയോ അവര്‍ക്ക് പണം നല്‍കുകയോ ചെയ്യുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അല്‍ ഷംസി നിര്‍ദേശം നല്‍കി. റമദാന്‍ മാസത്തില്‍ ജനങ്ങളുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള യാചകരുടെ പദ്ധതികള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മസ്ജിദ് പ്രവേശന കവാടങ്ങള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, തെരുവുകള്‍ എന്നിവിടങ്ങളില്‍ കെട്ടിച്ചമച്ച കഥകളും വഞ്ചനാപരമായ തന്ത്രങ്ങളുമായാണ് യാചകരെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള്‍ ഭിക്ഷാടകരെ കണ്ടാല്‍ 901 എന്ന ടോള്‍ ഫ്രീ നമ്പറിലോ ദുബായ് പൊലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ 'പൊലീസ് ഐ' എന്ന സേവനത്തിലൂടെയോ ഉടന്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സത്ത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് ദുബായ് പൊലീസ് ആരംഭിച്ച കാമ്പയിന്റെ പ്രാഥമിക ലക്ഷ്യം.



Other News in this category



4malayalees Recommends