സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്; കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും

സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്; കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും
രണ്ട് സഹപാഠികള്‍ തമ്മിലുള്ള കിക്ക്‌ബോക്‌സിങ് സൗഹൃദ മത്സരം കലാശിച്ചത് പോലീസ് കേസിലും കോടതി വ്യവഹാരത്തിലും. ജുമൈറ ബീച്ച് റെസിഡന്‍സിലെ മണല്‍പരപ്പില്‍ കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 9.30ന് നടന്ന മല്‍സരത്തിനിടെ ഒരു കൗമാരക്കാരന്‍ കോമയിലായതോടെയാണ് കളി കാര്യമായത്.

രണ്ട് കുട്ടികളും പ്രവാസികളാണ്. ദാരുണമായ സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരനെതിരേ കേസെടുക്കുകയും ജുവനൈല്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഒരാഴ്ചത്തെ തടവിന് ശേഷം പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്ത് താല്‍ക്കാലികമായി പുറത്തിറങ്ങി. തുടര്‍ന്ന് കുറ്റം ചുമത്തുകയും കോടതി വ്യവഹാരം ആരംഭിക്കുകയുമായിരുന്നു.

യുഎസ് പൗരത്വമുള്ള 17കാരനും 16 വയസുള്ള ബ്രിട്ടീഷ് സഹപാഠിയും തമ്മിലായിരുന്നു കിക്ക്‌ബോക്‌സിങ്. ഇരുവരും ഹെഡ് ഗിയര്‍ (സംരക്ഷണ ശിരോവസ്ത്രം) ധരിച്ചിരുന്നില്ല. ആദ്യ നാല് റൗണ്ടുകളില്‍ 17കാരന്‍ വിജയിച്ചിരുന്നു. അഞ്ചാം റൗണ്ടില്‍ 16കാരന്‍ എതിരാളിയെ താടിയെല്ലില്‍ ചവിട്ടിവീഴ്ത്തി. ഇതോടെ കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു.

ഉടന്‍ തന്നെ തങ്ങള്‍ എല്ലാവരും ഓടിച്ചെന്ന് പരിക്കേറ്റയാളെ പരിശോധിച്ചതായി രണ്ട് വിദ്യാര്‍ഥികളുടെയും കനേഡിയന്‍ സുഹൃത്ത് പറയുന്നു. 'അവന്‍ ബോധം വീണ്ടെടുത്തപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍ അവനെ അടുത്തുള്ള എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതമായ അവസ്ഥയിലാണെന്ന് വ്യക്തമാവുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു' സുഹൃത്ത് മൊഴിനല്‍കി.

Other News in this category



4malayalees Recommends