'ഡീല്‍ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ വി ജോയ്

'ഡീല്‍ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ വി ജോയ്
ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പയറ്റിയ തന്ത്രമാണിത്. ആളുകള്‍ കൂട്ടമായി താമസിക്കുന്നിടത്ത് പോയി പ്രധാനിക്ക് പണം നല്‍കുക, മദ്യം നല്‍കുക എന്ന രീതിയാണ് യുഡിഎഫ് തുടരുന്നതെന്നും വി ജോയ് ആരോപിച്ചു.

ഇത്തവണ അത് നടത്താന്‍ എല്‍ഡിഎഫ് സമ്മതിക്കില്ല. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യത്തിന് പോകുമ്പോള്‍ എന്തിനാണ് ഒന്നിലധികം വണ്ടികള്‍. എന്തിനാണ് എയര്‍ഗണ്‍ വച്ചത്. എത്ര ഒളിച്ചു വച്ചാലും ഇത് കണ്ടുപിടിക്കാന്‍ കഴിയും. അദ്ദേഹത്തെ പോലൊരാള്‍ ഇതിന് ഇറങ്ങരുതായിരുന്നു എന്നും വി ജോയ് പറഞ്ഞു.

ഡീല്‍ ഉറപ്പിക്കാന്‍ ആണ് ഇന്നലെ പോയത്. ഡീല്‍ ഉറപ്പിച്ചതിനു ശേഷമാണ് കാശ് കൊടുക്കുക. ഇതാണ് കഴിഞ്ഞ തവണ ചെയ്ത തന്ത്രം. ഇത് ആദ്യമേ തന്നെ പിടിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കിഴക്കേക്കോട്ടയില്‍ താമസിക്കുന്ന ആള്‍ അരുവിക്കര വന്ന് സംവിധാനം ഉണ്ടാക്കേണ്ട ആവശ്യം എന്താണ് എന്നും റിയല്‍ എസ്റ്റേറ്റ് വിഷയം ആണെങ്കില്‍ അങ്ങോട്ട് വിളിച്ചാല്‍ മതിയല്ലോ എന്നും അദ്ദേഹം ചോദിച്ചു. അടൂര്‍ പ്രകാശ് ഇതുവരെ കോളനിക്ക് വേണ്ടി ഒരു രൂപ ചിലവാക്കിയിട്ടുണ്ടോ. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പണം കൊണ്ടുപോകുന്നത് എന്തിനാണെന്ന് മനസ്സിലാക്കാമല്ലോ എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് പ്രതികരിച്ചു.

Other News in this category



4malayalees Recommends