തീവ്രവാദികള്‍ക്കെതിരായ നീക്കം ; പാകിസ്ഥാനില്‍ ഇന്ത്യ ആസൂത്രിതമായ കൊലപാതകങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് ; പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം

തീവ്രവാദികള്‍ക്കെതിരായ നീക്കം ; പാകിസ്ഥാനില്‍ ഇന്ത്യ ആസൂത്രിതമായ കൊലപാതകങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട്  ; പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം
തീവ്രവാദികള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനില്‍ ആസൂത്രിതമായ കൊലപാതകങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. തെറ്റായതും വിദ്വേഷമുണ്ടാക്കുന്നതുമായ ഇന്ത്യാ വിരുദ്ധ പ്രചാരണമെന്നാണ് മന്ത്രാലയം റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചത്. മറ്റ് രാജ്യങ്ങളിലെ കൊലപാതകങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

യുകെ ദിനപത്രം ദ ഗാര്‍ഡിയനാണ് ഇന്ത്യയോട് ശത്രുതയുള്ളവരെ ലക്ഷ്യം വയ്ക്കുന്ന നയമാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് നടപ്പാക്കുന്നതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മന്ത്രാലയം ഇക്കാര്യം നിഷേധിക്കുന്നതും ഈ റിപ്പോര്‍ട്ടില്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം 20 പേരെ ഇത്തരത്തില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ വധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

പാകിസ്ഥാനിലെയും ഇന്ത്യയിലെയും ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖങ്ങളുടെയും പാകിസ്ഥാനില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വാര്‍ത്ത തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സി മൊസാദില്‍ നിന്നും റഷ്യയുടെ കെജിബിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇന്ത്യയുടെ പ്രവര്‍ത്തനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഉള്‍പ്പടെ മറ്റ് രാജ്യങ്ങളില്‍ നടപ്പാക്കുന്ന നിയമവിരുദ്ധ കൊലപാതകങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചില കൊലപാതകങ്ങളെ കുറിച്ചുള്ള രേഖകള്‍ പാകിസ്ഥാന്‍ അധികൃതര്‍ കൈമാറിയെന്നും എന്നാല്‍ ഇതില്‍ സൂഷ്മപരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. യുഎഇയില്‍ സ്ഥാപിതമായ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ലീപ്പര്‍ സെല്ലുകളാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ അമേരിക്കയും കാനഡയും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.Other News in this category4malayalees Recommends