എനര്‍ജി ബില്‍ പ്രൈസ് ക്യാപ് ഉയര്‍ത്തി ഓഫ്‌ജെം, ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ 54% വര്‍ദ്ധന; ശരാശരി ബില്‍ 1971 പൗണ്ടാകും; പ്രീ-പേ മീറ്ററുകാര്‍ക്ക് 708 പൗണ്ട് വര്‍ദ്ധന; ആശ്വാസത്തിന് സുനാകിന്റെ 200 പൗണ്ട് ഡിസ്‌കൗണ്ട്?

എനര്‍ജി ബില്‍ പ്രൈസ് ക്യാപ് ഉയര്‍ത്തി ഓഫ്‌ജെം, ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ 54% വര്‍ദ്ധന; ശരാശരി ബില്‍ 1971 പൗണ്ടാകും; പ്രീ-പേ മീറ്ററുകാര്‍ക്ക് 708 പൗണ്ട് വര്‍ദ്ധന; ആശ്വാസത്തിന് സുനാകിന്റെ 200 പൗണ്ട് ഡിസ്‌കൗണ്ട്?

ഏപ്രില്‍ മാസം മുതല്‍ ബ്രിട്ടനിലെ കുടുംബങ്ങളെ കാത്തിരിക്കുന്നത് എനര്‍ജി ബില്ലുകളില്‍ 54% വര്‍ദ്ധനവ്. എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം ഡിഫോള്‍ട്ട് താരിഫിലെ ക്യാപ് 1971 പൗണ്ടിലേക്ക് ഉയര്‍ത്തിയതോടെയാണ് ജനങ്ങള്‍ ഗ്യാസിനും, ഇലക്ട്രിസിറ്റിക്കും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നത്.


ശരാശരി ഡ്യുവല്‍ ഫ്യുവല്‍ എനര്‍ജി താരിഫ് 693 പൗണ്ട് വര്‍ദ്ധിപ്പിക്കാനാണ് ഓഫ്‌ജെം തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വര്‍ഷം എനര്‍ജി മാര്‍ക്കറ്റ് വില നാലിരട്ടി വര്‍ദ്ധിച്ചതിന്റെ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിച്ചത്. ഇതോടെ ഡയറക്ട് ഡെബിറ്റിലുള്ള 22 മില്ല്യണ്‍ കുടുംബങ്ങളുടെ ശരാശരി ബില്‍ പ്രതിവര്‍ഷം 1971 പൗണ്ടായി ഉയരും. പ്രീ-പേ മീറ്റര്‍ ഉപയോഗിക്കുന്ന വീടുകളാണ് തിരിച്ചടി അധികം നേരിടേണ്ടത്. ഇവരുടെ ശരാശരി വര്‍ദ്ധന 708 പൗണ്ടാണ്, 2017 ആകും വാര്‍ഷിക ബില്‍.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വര്‍ദ്ധന് തിരിച്ചടിയാകുമെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ജോന്നാഥന്‍ ബ്രയര്‍ലി സമ്മതിച്ചു. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് എനര്‍ജി ബില്ലില്‍ സുപ്രധാന വര്‍ദ്ധനവ് വരുന്നത്. ഈ തിരിച്ചടിയില്‍ നിന്നും അല്‍പ്പം ആശ്വാസമേകാന്‍ ട്രഷറി ഒക്ടോബറിലെ എനര്‍ജി ബില്ലില്‍ ഒറ്റത്തവണയായി 200 പൗണ്ട് ഡിസ്‌കൗണ്ടാണ് ലഭ്യമാക്കുക.

ഇത് അടുത്ത അഞ്ച് വര്‍ഷത്തില്‍ വര്‍ഷം 40 പൗണ്ട് എന്ന നിരക്കില്‍ ഇന്‍സ്റ്റാള്‍മെന്റായി തിരിച്ച് നല്‍കുകയും വേണം. ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 150 പൗണ്ട് റിബേറ്റും ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതച്ചെലവ് ഉയരുന്നത് ജനജീവിതം പ്രതിസന്ധിയിലാക്കുന്ന ഘട്ടത്തിലാണ് ട്രഷറിയുടെ 9 ബില്ല്യണ്‍ പാക്കേജ് ലഭ്യമാക്കുന്നത്.

ആഗോള ഗ്യാസ് വിപണിയില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് വില വര്‍ദ്ധനവ് നേരിടുന്നതെന്ന് ഓഫ്‌ജെം വ്യക്തമാക്കി. പ്രൈസ് ക്യാപ് നിലനിന്നിരുന്നതിനാല്‍ എനര്‍ജി കമ്പനികള്‍ക്ക് ഈ വര്‍ദ്ധനവ് ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. ഇതോടെയാണ് ക്യാപ് റെക്കോര്‍ഡ് നിരക്കില്‍ ഉയര്‍ത്താന്‍ ഓഫ്‌ജെം നിര്‍ബന്ധിതമായത്.
Other News in this category



4malayalees Recommends