പലിശ നിരക്ക് 0.5 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിച്ചുരുക്കി; കുടുംബങ്ങളുടെ ജീവിതനിലവാരം ഇടിയും; മോര്‍ട്ട്‌ഗേജുകള്‍ 552 പൗണ്ട് വര്‍ദ്ധിക്കും; പുതിയ ലോണുകള്‍ക്ക് ചെലവേറും

പലിശ നിരക്ക് 0.5 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിച്ചുരുക്കി; കുടുംബങ്ങളുടെ ജീവിതനിലവാരം ഇടിയും; മോര്‍ട്ട്‌ഗേജുകള്‍ 552 പൗണ്ട് വര്‍ദ്ധിക്കും; പുതിയ ലോണുകള്‍ക്ക് ചെലവേറും

പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപനം എത്തിയതോടെ ചങ്കിടിപ്പ് മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക്. മൂന്ന് ദശകത്തിനിടെ ഏറ്റവും വലിയ തോതില്‍ ജീവിതനിലവാരം ഇടിയുന്ന അവസ്ഥയാണ് കുടുംബങ്ങളെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഒപ്പം വളര്‍ച്ചാ നിരക്ക് പ്രവചനങ്ങളും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെട്ടിച്ചുരുക്കി.


ഉയരുന്ന എനര്‍ജി ബില്ലുകളും, നികുതിഭാരവുമാണ് ജീവിതനിലവാരം ഇടിക്കുന്നതിന് പ്രധാന കാരണങ്ങള്‍. പണപ്പെരുപ്പം കുതിച്ചയരുന്ന സാഹചര്യത്തിലാണ് അടിസ്ഥാന നിരക്ക് 0.25 ശതമാനത്തില്‍ നിന്നും 0.5 ശതമാനമായി ഉയര്‍ത്തിയത്. പലിശ നിരക്ക് എത്രത്തോളം ഉയര്‍ത്തണമെന്ന വിഷയത്തില്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഭിന്നതയുണ്ടായിരുന്നു.

കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ വര്‍ദ്ധനവുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്.

പലിശ നിരക്ക് 0.5 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ മോര്‍ട്ട്‌ഗേജ് ബില്ലുകളില്‍ ഇത് പ്രതിഫലിക്കും. 552 പൗണ്ടെങ്കിലും ശരാശരി മോര്‍ട്ട്‌ഗേജില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 276,000 പൗണ്ടിന് വാങ്ങിയ വീടിന് 80 ശതമാനം ലോണുണ്ടെങ്കിലാണ് ഈ അധിക തിരിച്ചടവ് വേണ്ടിവരിക.

വേരിയബിള്‍ റേറ്റില്‍ മോര്‍ട്ട്‌ഗേജ് എടുത്ത രണ്ട് മില്ല്യണ്‍ ജനങ്ങളെ നിരക്ക് വ്യത്യാസം ഉടനടി ബാധിക്കും. ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീല്‍ എടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് നിരക്ക് വര്‍ദ്ധന ബാധിക്കില്ല. അതേസമയം നിരക്ക് വ്യത്യാസം ഡീലുകളില്‍ വരുത്താന്‍ ലെന്‍ഡേഴ്‌സ് തയ്യാറെടുക്കുന്നതിനാല്‍ പുതിയ ഫിക്‌സഡ് ലോണുകള്‍ക്ക് ചെലവേറും.
Other News in this category



4malayalees Recommends