തന്റെ പക്ഷം പിടിക്കാത്തവരെയെല്ലാം ബോറിസ് പുറത്താക്കുമോ? ചാന്‍സലര്‍ ഋഷി സുനാകിനെ പുറത്താക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ച് അടുപ്പക്കാര്‍; പാര്‍ട്ടിഗേറ്റ് ആരോപണങ്ങളില്‍ ബോറിസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന എംപിമാരുടെ എണ്ണമേറുന്നു

തന്റെ പക്ഷം പിടിക്കാത്തവരെയെല്ലാം ബോറിസ് പുറത്താക്കുമോ? ചാന്‍സലര്‍ ഋഷി സുനാകിനെ പുറത്താക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിച്ച് അടുപ്പക്കാര്‍; പാര്‍ട്ടിഗേറ്റ് ആരോപണങ്ങളില്‍ ബോറിസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന എംപിമാരുടെ എണ്ണമേറുന്നു

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇപ്പോള്‍ വെട്ടിനിരത്തല്‍ മൂഡിലാണ്. തന്നെ അനുകൂലിക്കാന്‍ ഇടയില്ലാത്തവരെ പാട്ടിലാക്കാനും, എതിര്‍ക്കുന്നവരെ പുറത്താക്കിയും പാര്‍ട്ടിയിലെ സ്വാധീനം നിലനിര്‍ത്താനാണ് ബോറിസിന്റെ ശ്രമങ്ങള്‍. ഡൗണിംഗ് സ്ട്രീറ്റിലെ പല ഉന്നതരും രാജിവെച്ച് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിക്കുമ്പോഴും എംപിമാരുടെ പിന്തുണ പൂര്‍ണ്ണമായി നഷ്ടമാകാതെ നോക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ.


ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ച ബോറിസിനെ പരസ്യമായി കൈവിട്ട ചാന്‍സലര്‍ ഋഷി സുനാകാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ടീമിന്റെ പ്രധാന നോട്ടപ്പുള്ളി. ചാന്‍സലറെ പുറത്താക്കാന്‍ ബോറിസിന് ഉപദേശം ലഭിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

തനിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് ഭീഷണി വര്‍ദ്ധിക്കുന്നതിനെ മറികടക്കാനാണ് ബോറിസ് ശ്രമിച്ച് വരുന്നത്. ഒരു ഡസനിലേറെ ടോറി എംപിമാര്‍ അവിശ്വാസം രേഖപ്പെടുത്തി കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്. 15 എംപിമാരെങ്കിലും കത്ത് അയച്ചെന്നാണ് സൂചന. യഥാര്‍ത്ഥ സംഖ്യ ഇതിനും മുകളിലാകുമെന്നും പറയപ്പെടുന്നു.

നം.10ല്‍ നടന്ന പാര്‍ട്ടികളെ കുറിച്ചും, വൈറ്റ്ഹാളിലെ കോവിഡ് നടപടികള്‍ സംബന്ധിച്ചും പ്രധാനമന്ത്രി നടത്തിയ വിശദീകരണങ്ങളില്‍ സത്യസന്ധത പാലിച്ചില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രിയുടെ രാജി ഒടുവിലായി ആവശ്യപ്പെട്ടിരിക്കുന്നത് മുന്‍ മന്ത്രി നിക്ക് ഗിബ്ബാണ്.

വ്യാഴാഴ്ച ബോറിസിന്റെ നാല് മുതിര്‍ന്ന സഹായികളാണ് രാജിവെച്ചത്. ഏറ്റവും അടുപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വംശജയായ പോളിസി ചീഫ് മുനിറാ മിര്‍സയുടെ രാജി ഞെട്ടല്‍ സമ്മാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സുനാകിനെ പുറത്താക്കണമെന്ന് ക്യാബിനറ്റില്‍ ഒരു അംഗം ആവശ്യപ്പെട്ടതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനാകിന് പുറമെ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദും ലേബര്‍ നേതാവിന് എതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ നിന്നും അകലം പാലിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ് എന്ന ജോലിയില്‍ ലേബര്‍ നേതാവ് ആദരവ് അര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് ജാവിദ് പ്രതികരിച്ചത്.
Other News in this category



4malayalees Recommends