സംവാദത്തിന് മുന്‍പ് കൈ കൊടുക്കാന്‍ പോലും മടി ; വിലക്കയറ്റം, തൊഴിലില്ലായ്മ, യുക്രെയ്ന്‍ യുദ്ധം... ട്രംപ് ബൈഡന്‍ വാക് പോര് ശക്തം

സംവാദത്തിന് മുന്‍പ് കൈ കൊടുക്കാന്‍ പോലും മടി ; വിലക്കയറ്റം, തൊഴിലില്ലായ്മ, യുക്രെയ്ന്‍ യുദ്ധം... ട്രംപ് ബൈഡന്‍ വാക് പോര് ശക്തം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യത്തെ തുറന്ന സംവാദത്തില്‍ വാദപ്രതിവാദങ്ങളുമായി സ്ഥാനാര്‍ത്ഥികളായ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും. ഇരുവരും വിവിധ നയങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി തുറന്ന പോരിലേര്‍പ്പെട്ടു.

സംവാദത്തിന് മുന്‍പ് ഇരുവരും പരസ്പരം കൈ കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ആഴം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു. സംവാദം തുടങ്ങിയ ട്രംപ് കത്തിക്കയറുന്ന വിലക്കയറ്റത്തില്‍ രൂക്ഷമായി ബൈഡനെ വിമര്‍ശിച്ചു. ബൈഡന്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും വിലക്കയറ്റം ജനങ്ങളെ കൊല്ലുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.

എന്നാല്‍ ട്രംപിന്റെ ഭരണകാലയളവില്‍ ജനങ്ങള്‍ക്ക് സംഭവിച്ച തൊഴില്‍നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ തിരിച്ചടിച്ചത്. കൊവിഡ് കാലത്ത് കൂപ്പുകുത്തിയ തൊഴില്‍ വ്യവസ്ഥ തന്റെ കാലത്താണ് പൂര്‍വസ്ഥിതിയിലായതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. ട്രംപ് രാജ്യത്ത് കുറിയേറിവന്നവരോട് ക്രൂരത കാട്ടിയെന്നും അമ്മമാരെയും കുഞ്ഞുങ്ങളെയും അടക്കം മനഃപൂര്‍വം വെവ്വേറെ സ്ഥലങ്ങളില്‍ പൂട്ടിയിട്ടെന്നുമെല്ലാം ബൈഡന്‍ ആരോപിച്ചു.

പ്രാദേശിക രാഷ്ട്രീയത്തില്‍ മാത്രം ആദ്യഘട്ടത്തില്‍ തങ്ങി നിന്ന ചര്‍ച്ച പിന്നീട് പതിയെ അന്താരാഷ്ട്ര തലത്തിലേക്ക് മാറി. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ യുക്രെയ്ന്‍ യുദ്ധം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ മോശം ദിനങ്ങളില്‍ ഒന്നാണെന്നും താനായിരുന്നെങ്കില്‍ ഇങ്ങനെ നാണംകെട്ട് ഇറങ്ങില്ലായിരുന്നുവെന്നും ട്രംപ് ആഞ്ഞടിച്ചു. പലസ്തീനെ അംഗീകരിക്കുന്നത് താന്‍ ആലോചിച്ച് മാത്രം എടുക്കുന്ന തീരുമാനമാകുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിനെതിരായ കേസുകളും ബൈഡന്‍ സംവാദത്തിനിടയില്‍ എടുത്തിട്ടു. ബൈഡന്റെ മകന്റെ പൊലീസ് കേസ് ഓര്‍മിപ്പിച്ചുകൊണ്ട് ട്രംപും മറുപടി നല്‍കി. ട്രംപിന്റെ അനുയായികള്‍ നടത്തിയ ക്യാപിറ്റല്‍ ഹില്‍ അക്രമങ്ങളും ബൈഡന്‍ ആയുധമാക്കി. അമേരിക്കന്‍ പൊതുതിരഞ്ഞടുപ്പിന് മുന്‍പുള്ള രണ്ട് സംവാദങ്ങളില്‍ ആദ്യ സംവാദമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്.

Other News in this category



4malayalees Recommends