യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍- യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിനും സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവര്‍ത്തിച്ചു. മൂന്നുദിവസത്തെ പ്രധാനമന്ത്രിയുടെ യുഎസ് പര്യടനത്തിനിടെ തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍വച്ചാണ് സെലന്‍സ്‌കിയെ കണ്ടത്.

ഒരു മാസത്തിനുള്ളില്‍ മോദിയും സെലന്‍സ്‌കിയും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രിയുടെ യുക്രെയ്ന്‍ സന്ദര്‍ശനവേളയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. 1992ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്നില്‍ സന്ദര്‍ശനം നടത്തിയത്. യുക്രെയ്നിലേയും ഇന്ത്യയിലേയും ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് തീരുമാനിച്ചതായും ഇവര്‍ അറിയിച്ചിരുന്നു.

ഓഗസ്റ്റിലെ യുക്രെയ്ന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനെടുത്ത തീരുമാനം നടപ്പിലാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിച്ച് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പിന്തുണ ഊട്ടിയുറപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ പ്രതികരിച്ചു.

പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ക്വാഡ് സഖ്യരാജ്യങ്ങളിലെ നേതാക്കള്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി യുഎസ് സന്ദര്‍ശനത്തിനിടെ ചര്‍ച്ച നടത്തിയിരുന്നു.

Other News in this category



4malayalees Recommends