കാനഡയിലേക്ക് ഇനി കടക്കുക എളുപ്പമല്ല ; പുതിയ മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍

കാനഡയിലേക്ക് ഇനി കടക്കുക എളുപ്പമല്ല ; പുതിയ മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍
സ്റ്റുഡന്റ് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അടുത്തിടെ പല നിയന്ത്രണങ്ങളും രാജ്യം നടപ്പാക്കിയിരുന്നു. ഇപ്പോഴിതാ വര്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. നവംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും. പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ ഭാഷാ പ്രാവീണ്യം- പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റിന് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കും. അതായത് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷിലോ ഫ്രഞ്ചിലോ മിനിമം പ്രാവീണ്യം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ യൂനിവേഴ്‌സിറ്റി ബിരുദധാരികള്‍ കനേഡിയന്‍ ബെഞ്ച് മാര്‍ക്ക് ലെവല്‍ സ്‌കോര്‍ 7 നേടിയിരിക്കണം (അതായത് ഐഇഎല്‍ടിഎസ് പ്രകാരം ബാന്റ് സ്‌കോര്‍ 6 ) . കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് 5 ആയിരിക്കും. പെര്‍മനന്റ് റെസിഡന്‍സി (പിആര്‍) നേടിയെടുക്കാന്‍ ഇത് വിദ്യാര്‍ത്ഥികളെ തുണച്ചേക്കും. എന്നാല്‍ ഇത്തരത്തില്‍ നിയമം നടപ്പാക്കുന്നത് വഴി അപേക്ഷകരുടെ എണ്ണം 175,000 എങ്കിലും കുറക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

നിലവില്‍ രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം 6.5 ശതമാനമാണ്. ഇത് 5 ശതമാനമായി കുറക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം. കുടിയേറ്റ നടപടികള്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുകയ കൂടി ലക്ഷ്യം വെച്ചുള്ള വിശാല പദ്ധതികള്‍ നവംബര്‍ 1 ന് പുറത്തിറക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പങ്കാളികള്‍ക്കുള്ള വിസ (സ്പൗസല്‍ വിസ) അനുവദിക്കുന്നത് സംബന്ധിച്ചും കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. നവംബര്‍ ഒന്ന് മുതല്‍ എന്‍ജിനയര്‍, എക്‌സിക്യൂട്ടീവ്, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പങ്കാളികള്‍ക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക. അതേസമയം നിര്‍മ്മാണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് വിസ അനുവദിക്കുന്നത് തുടരാന്‍ തന്നെയാണ് നിലിവില്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി പങ്കാളി വിസകളുടെ എണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100,000 ആക്കി നിജയപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Other News in this category



4malayalees Recommends