'ഷാര്‍ജ ഡിസൈന്‍സ്‌കേപ്' - വാസ്തുവിദ്യയുടെ പുതുസാധ്യതകള്‍ അന്വേഷിക്കുന്ന വെബിനാര്‍ പരമ്പരയുമായി ഷുറൂഖ്

'ഷാര്‍ജ ഡിസൈന്‍സ്‌കേപ്' - വാസ്തുവിദ്യയുടെ പുതുസാധ്യതകള്‍ അന്വേഷിക്കുന്ന വെബിനാര്‍ പരമ്പരയുമായി ഷുറൂഖ്

** സാമൂഹിക ഉത്തരവാദിത്വമുള്ള നിര്‍മിതികളുടെ പ്രാധാന്യം, നഗരാസൂത്രണം, വാസ്തുവിദ്യയില്‍ പാരിസ്ഥിതിക-പാരമ്പര്യ മൂല്യങ്ങള്‍ക്കുള്ള സ്ഥാനം എന്നിങ്ങനെ വാസ്തുവിദ്യാ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഏഴ് വ്യത്യസ്ത വെബിനാറുകള്‍


** സുസ്ഥിരവികസന കാഴ്ചപാടുകള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികളിലൂടെ ഷാര്‍ജയിലെ നിര്‍മാണമേഖലയില്‍ പുതുകയ്യൊപ്പുകള്‍ പതിപ്പിച്ച ഷുറൂഖിന്റെ പുതിയ ശ്രമത്തില്‍ യുഎഇയിലും രാജ്യാന്തരതലത്തിലും പ്രശസ്തരായ ഡിസൈനര്‍മാര്‍ പങ്കാളികളാവുന്നു

ഷാര്‍ജ (യുഎഇ) - സുസ്ഥിര വാസ്തുശൈലി-രൂപകല്‍പനാ ആശയങ്ങള്‍ ചര്‍ച്ചചെയ്യാനും പങ്കുവയ്ക്കാനും വേദിയൊരുക്കി ഷാര്‍ജ നിക്ഷേപവികസനവകുപ്പ് (ഷുറൂഖ്). ഷാര്‍ജയിലെയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലെയും നിലവിലെ വാസ്തുവിദ്യാരീതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഭാവി നഗരങ്ങളുടെ രൂപകല്‍പനയും പരിസ്ഥിതിസൗഹൃദ ആശയങ്ങളുമെല്ലാം 'ഷാര്‍ജ ഡിസേന്‍സ്‌കേപ്' എന്ന ഓണ്‍ലൈന്‍ ചര്‍ച്ചാ പരമ്പരയില്‍ വിഷയങ്ങളാവും

കോവിഡ് പശ്ചാത്തലത്തില്‍ വെബിനാര്‍ മാതൃകയിലാണ് ഷാര്‍ജ ഡിസേന്‍സ്‌കേപ് ഒരുക്കുന്നത്. ഫോസ്റ്റര്‍ പാര്‍ട്‌നേഴ്‌സ് പങ്കാളിയും ലോകപ്രശസ്ത ആര്‍കിടെക്റ്റുമായ ഡറ തൗഹിദി, ഷുറൂഖ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കാല്‍, 'ബീയ'യിലെ സിവില്‍ വാസ്തുവിദ്യാ പദ്ധതികളുടെ മേധാവി നദ തരിയാം തുടങ്ങി പ്രമുഖര്‍ ചര്‍ച്ചകളുടെ ഭാഗമാവും. ജൂണ്‍ 25 തൊട്ട് ആഗസ്റ്റ് 6 വരെയുള്ള എല്ലാ വ്യായാഴ്ചകളിലും രാത്രി എട്ടു മണിക്ക് സൂം ആപ്ലിക്കേഷന്‍ വഴിയാണ് ചര്‍ച്ചകള്‍.

യുഎഇയിലും മറ്റു രാജ്യങ്ങളിലുമുള്ള ആര്‍കിടെക്റ്റുമാര്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഭാവിയധിഷ്ടിതമായ പൊതുഇടങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവര്‍ എന്നിങ്ങനെ വാസ്തുവിദ്യ-രൂപകല്‍പനാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും താത്പര്യമുള്ളവര്‍ക്കുമെല്ലാം പങ്കെടുക്കാനും നവീനമായ ആശയങ്ങള്‍ അടുത്തറിയാനും പാകത്തിലാണ് ഈ വേദി ഒരുക്കുന്നത്. കൂടുതല്‍ സാമൂഹ്യപ്രതിബദ്ധതയും പാരിസ്ഥിതിക അവബോധവുമുള്ള നിര്‍മിതികളും രൂപകല്‍പനകളും പ്രോത്സാഹിപ്പിക്കുവാനും ചര്‍ച്ചാവേദി ലക്ഷ്യമിടുന്നു.

'വാസ്തുവിദ്യാ മേഖലയിലും ആസൂത്രണത്തിലും ലോകത്ത് നിലവിലുള്ള രീതികളെ അടുത്തറിയുന്നതോടൊപ്പം പാരിസ്ഥിതികമായും സാമൂഹ്യപരമായും കലാപരമായും ഈ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും ഉദ്ദേശിച്ചാണ് ഇത്തരമൊരു ചര്‍ച്ചാ പരമ്പര ഒരുക്കുന്നത്. കൂടുതല്‍ അര്‍ത്ഥവത്തായ നിര്‍മിതികളുണ്ടാക്കാന്‍ ആശയങ്ങളുടെ കൈമാറ്റം അനിവാര്യമാണ്' - ഷാര്‍ജ ഡിസേന്‍സ്‌കേപ്- പ്രഖ്യാപിച്ച് ഷുറൂഖ് പദ്ധതികളുടെ മേധാവിയായ ഖൗല അല്‍ ഹാഷ്മി പറഞ്ഞു. 'നമ്മുടെ ജീവിതനിലവാരമുയര്‍ത്തുന്നതില്‍ ഏറെ നിര്‍ണായക പങ്കുവഹിക്കുന്ന ഒന്നാണ് വാസ്തുവിദ്യ. വരുംകാല നഗരങ്ങളെ കൂടുതല്‍ മനോഹരവും സുസ്ഥിരവുമാക്കാന്‍ നവീനമായ ആശയങ്ങള്‍ക്ക് സാധിക്കും. പ്രാദേശികവും രാജ്യാന്തരവുമായ അത്തരം ആശയങ്ങള്‍ പങ്കുവയ്ക്കാനും സംശയനിവാരണം നടത്താനുമുള്ള വേദിയാണ് ഈ വെബിനാര്‍ പരമ്പര' അവര്‍ കൂട്ടിച്ചേര്‍ത്തു.

'വാസ്തുശൈലിയിലെ സുസ്ഥിരത' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ജൂണ്‍ 25ലെ ആദ്യത്തെ ചര്‍ച്ച. 'സോഷ്യലി ഇന്‍ക്ലൂസിവ് ഡിസൈന്‍', 'നഗര രൂപകല്‍പനയിലെ ഭാവിസാധ്യതകള്‍', 'വിദ്യാഭാസ ആവശ്യങ്ങള്‍ക്കായുള്ള ഇടങ്ങളുടെ ഭാവി', 'പിന്‍വാങ്ങുന്ന നഗരങ്ങള്‍', 'പരമ്പരാഗതവും ആധുനികവുമായ ആശയങ്ങള്‍ക്ക് ഒരുമിച്ചു പോകാനാവുമോ?' എന്നിങ്ങനെയാണ് മറ്റു വിഷയങ്ങള്‍. 'വാസ്തുവിദ്യയില്‍ വെളിച്ചത്തിനുള്ള സ്ഥാനം' എന്ന ചര്‍ച്ചയോടെ ആഗസ്റ്റ് ആറിന് വെബിനാര്‍ പരമ്പര അവസാനിക്കും.

പ്രളയാനന്തര കേരളത്തില്‍ കൂടുതല്‍ ഉയര്‍ന്നുകേട്ടതും കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്നതുമായ സുസ്ഥിര പരിസ്ഥിതിസൗഹൃദ വാസ്തുവിദ്യയുടെ രാജ്യാന്തരതലത്തിലെ സാധ്യതകളും ആശയങ്ങളും അടുത്തറിയാനുള്ള മികച്ച അവസരമാണ് ഷുറൂഖിന്റെ നേതൃത്വത്തിലുള്ള ഷാര്‍ജ ഡിസേന്‍സ്‌കേപ് വെബിനാര്‍ പരമ്പര ഒരുക്കുന്നത്. പരമ്പരാഗത വാസ്തുശൈലിയെക്കുറിച്ചും പൊതു ഇടങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലെ ശാസ്ത്രീയതയെക്കുറിച്ചും ഭാവിനഗര സങ്കല്‍പങ്ങളെക്കുറിച്ചുമെല്ലാമുള്ള ആഗോള ആശയങ്ങളുമായി നേരിട്ടു സംവദിക്കുകയും ചെയ്യാം. സാംസ്‌കാരികവും പാരിസ്ഥിതികവുമായ മൂല്യങ്ങള്‍ വാസ്തുവിദ്യയിലേക്ക് സന്നിവേശിപ്പിക്കുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കുന്ന ആര്‍കിടെക്റ്റുമാര്‍ക്കും റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ക്കുമെല്ലാം ഈ മേഖലയിലെ വിദഗ്ധരെ കൂടുതല്‍ അടുത്തറിയാനും ഡിസേന്‍സ്‌കേപ് ചര്‍ച്ചകള്‍ ഉപകാരപ്പെടും.

താത്പര്യമുള്ളവര്‍ക്കെല്ലാം സൗജന്യമായി ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഈ വെബിനാറിന്റെ ഭാഗമാവാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് - https://bit.ly/sharjah-designscape . കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയുടെ സാമൂഹ്യമാധ്യമ പേജുകള്‍ സന്ദര്‍ശിക്കുക.

Other News in this category



4malayalees Recommends