നീറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ

നീറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ
സെപ്റ്റംബര്‍ 13 ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണക്കേസ് പ്രതി നല്‍കിയ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളി. 20കാരനായ വൈസ് ഉള്‍ ഇസ്ലാമിന്റെ ഹര്‍ജിയാണ് ജമ്മു കശ്മീര്‍ എന്‍ ഐ എ കോടതി തള്ളിയത്. പരീക്ഷാ കേന്ദ്രമായ ജമ്മുവില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതി രക്ഷപെടാനുള്ള സാധ്യതയുണ്ടെന്നുമുള്ള എന്‍ ഐ എയുടെ വാദം കോടതി അംഗീകരിച്ചു.

വൈസ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത് ശ്രീനഗറാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. 2019 ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടന്നതില്‍ പ്രധാന പങ്കാണ് വൈസില്‍ ആരോപിച്ചിട്ടുള്ളത്. ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താനായി സ്‌ഫോടന വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തത് വൈസാണെന്നാണ് എഎന്‍ഐ വിശദമാക്കുന്നത്. കേസില്‍ 13500 പേജുകളുള്ള കുറ്റപത്രമാണ് എന്‍ഐഎ ഓഗസ്റ്റ് 25 ന് സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ 19 പേരുകളില്‍ 7 പേരാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. 7 പേരെ സേന വധിച്ചുവെന്നാണ് വിവരം. അഞ്ച് പേര്‍ പാകിസ്ഥാനിലാണെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.

കുറ്റപത്രത്തില്‍ ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ അഹ്മദ്ര്‍ അടക്കം 19 പേരെയാണ് പ്രതി ചേര്‍ത്തിയിട്ടുള്ളത്. ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഒന്നര വര്‍ഷത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുന്നത്.

Other News in this category



4malayalees Recommends