കൊവിഡ്19 വൈറസിന്റെ പേരുപറഞ്ഞ് ഭാര്യയെ പറ്റിച്ച് കാമുകിയ്‌ക്കൊപ്പം താമസിച്ച ഭര്‍ത്താവിനെ പോലീസ് പൊക്കി!

കൊവിഡ്19 വൈറസിന്റെ പേരുപറഞ്ഞ് ഭാര്യയെ പറ്റിച്ച് കാമുകിയ്‌ക്കൊപ്പം താമസിച്ച ഭര്‍ത്താവിനെ പോലീസ് പൊക്കി!
കൊവിഡ്19 പോസിറ്റീവ് ആണെന്ന് പറയേണ്ട, വെറുതെ ഒന്ന് ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്താല്‍ പോലും ആളുകള്‍ ഭയപ്പെടുന്ന കാലമാണ്. ആ സമയത്താണ് നവി മുംബൈയിലുള്ള ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. താന്‍ കൊറോണാവൈറസ് പോസിറ്റീവാണെന്ന് അറിയിച്ചായിരുന്നു ഇയാള്‍ ഫോണ്‍ വെച്ചത്. എന്നാല്‍ ഇതിന് ശേഷം ഭര്‍ത്താവിനെ കാണാതായി. ഭാര്യയുടെ പരാതിയില്‍ പുറത്തുവന്നതാകട്ടെ നാടകീയ സംഭവങ്ങള്‍.

പോലീസിന്റെ അന്വേഷണത്തില്‍ ഭര്‍ത്താവ് ഇന്‍ഡോറിലുള്ള കാമുകിയുടെ അരികില്‍ ഉള്ളതായാണ് കണ്ടെത്തിയത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇന്‍ഡോറില്‍ നിന്നും ഇയാളെ കണ്ടെത്തി നവി മുംബൈയില്‍ ഭാര്യയുടെ അരികിലേക്ക് എത്തിച്ചത്. ജൂലൈ 24നാണ് നവി മുംബൈയിലുള്ള ഭാര്യയെ 28കാരനായ ഭര്‍ത്താവ് വിളിക്കുന്നത്.

കൊവിഡ്19 പിടിപെട്ടെന്നും മരിക്കുമെന്നുമായിരുന്നു ഫോണില്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇയാളുടെ ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ഭാര്യാസഹോദരന്‍ കണ്ടെത്തിയതോടെയാണ് കുടുംബം ആളെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

വിവിധ കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങളും, ആശുപത്രികളും കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. ബൈക്ക് കണ്ടെത്തിയതിന് സമീപമുള്ള തടാകത്തിലും തെരച്ചില്‍ നടത്തി. എന്നാല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചില്‍ കഴിഞ്ഞ ആഴ്ച ഇന്‍ഡോറില്‍ അവസാനിച്ചു. കൊവിഡ് പിടിപെട്ട് മരിക്കാന്‍ പോയ ഭര്‍ത്താവ് അപരനാമത്തില്‍ കാമുകിയ്‌ക്കൊപ്പം വാടക വീട്ടില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനെ പോലീസ് ഭാര്യയുടെ അരികില്‍ എത്തിച്ചിട്ടുണ്ട്. ബാക്കി കഥ എന്തായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല!


Other News in this category



4malayalees Recommends