ലോക്കിലായ കുട്ടികള്‍

ലോക്കിലായ കുട്ടികള്‍
അടങ്ങിയൊതുങ്ങി ഇരിക്കുവാന്‍ ഒരിക്കലും സാധിക്കാത്ത കുട്ടികളെ ലോക്കിട്ടു പൂട്ടിക്കളഞ്ഞു കോവിഡ്. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് അവര്‍ക്ക് കോവിഡ് കാരണം ഉണ്ടായതെന്ന് പറഞ്ഞറിയിക്കാന്‍ എളുപ്പമല്ല. ആദ്യമൊക്കെ വളരെ രസകരമായി ലോക്ഡൗണ്‍ ആസ്വദിച്ച കുട്ടികള്‍ പിന്നീട് കുറേശ്ശെ ദുരിതത്തിലായി.ക്രമേണ ഇണക്കത്തേക്കാള്‍ കൂടുതല്‍ പിണക്കമായി മാറി. പിണക്കം മാറ്റാന്‍ ടിവി കാണലും, മൊബൈല്‍ നോക്കലും വര്‍ദ്ധിപ്പിക്കുകയായിരുന്നു രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സന്തോഷിപ്പിക്കാനായി ആദ്യം ചെയ്തത്. സിനിമ കാണലും ഗെയിം കളികളുമായി ഇരുന്നിടത്ത് നിന്ന് എഴുന്നേല്ക്കാത്ത അവസ്ഥയായി പിന്നീടത് മാറി.

മാനസികവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടാല്‍ അവ വീണ്ടെടുക്കുവാന്‍ അത്ര എളുപ്പമല്ലാത്തതിനാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിവേകത്തോടെ മനസ്സിലാക്കുകയും സ്‌നേഹത്തോടെ അത് കുട്ടികളെക്കൊണ്ട് അനുസരിപ്പിക്കുകയും വേണം. എവിടെയും പോകേണ്ടതില്ലെങ്കിലും രാവിലെ എഴുന്നേറ്റ് ശീലിച്ച സമയത്തുതന്നെ ഉറക്കമുണര്‍ന്ന് പ്രഭാത കര്‍മ്മങ്ങള്‍ നടത്തണം. പല്ലുതേപ്പും കുളിയുമെല്ലാം ശ്രദ്ധയോടെ ശീലിച്ച സമയത്ത് തന്നെ ചെയ്യണം. പ്രഭാതഭക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കണം. എപ്പോഴും ടിവിയിലും മൊബൈലിലും നോക്കിയിരിക്കാതെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അറിയുകയും അവയില്‍ ഇടപെടുകയും വേണം. പുസ്തകങ്ങള്‍ വായിക്കണം. വീട്ടിലുള്ളവരുമായി സംസാരിക്കണം. ചോദ്യങ്ങള്‍ ചോദിക്കണം. വേണ്ടി വന്നാല്‍ തര്‍ക്കിക്കണം. വഴക്കുണ്ടാക്കേണ്ടതായും പിണങ്ങേണ്ടതായും വന്നാല്‍ അതും ചെയ്യണം.

ചെറിയതോതിലെങ്കിലും കൃഷിപ്പണികള്‍ ചെയ്യുകയും അവയെ വളര്‍ത്തുന്ന ഓരോ ഘട്ടങ്ങളിലും മുതിര്‍ന്നവര്‍ക്കൊപ്പം കൂടുകയും ചെയ്യണം. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ കാര്യങ്ങളും ശ്രദ്ധിക്കണം. അവര്‍ക്ക് ഭക്ഷണം കൊടുക്കുക, ചെടികള്‍ക്ക് വെള്ളം കോരുക, അവ വളരുന്നത് നിരീക്ഷിക്കുക, അവയില്‍ സന്തോഷം കണ്ടെത്തുക തുടങ്ങിയവ മനസ്സിന് സന്തോഷത്തെ നല്‍കുന്നതാണ്.

തൂത്തും തുടച്ചും സൂക്ഷിക്കുന്ന അത്രയും പ്രാധാന്യമുണ്ട് വീട് വൃത്തികേടാക്കാതിരിക്കുന്നതിനും. അഥവാ മലിനപ്പെടുത്തിയാല്‍ പറ്റുന്നതുപോലെ വൃത്തിയാക്കുവാന്‍ ശ്രമിക്കുക തന്നെ വേണം. പ്രായത്തിനനുസരിച്ച് സ്വന്തം വസ്ത്രങ്ങള്‍ കഴുകുകയും അവ ഉണക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധയുണ്ടെന്ന് മറ്റുള്ളവര്‍ക്ക് കൂടി ബോധ്യപ്പെടുത്തി കൊടുക്കുന്നതിലൂടെ അവരെ ഒരു പരിധിവരെ അത്ഭുതപ്പെടുത്തുവാനും സാധിക്കും. പാചകത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും അരിയുന്നതിന് മറ്റുള്ളവര്‍ക്കൊപ്പം ചേരണം.പറ്റുന്ന പോലെ പാചകവും പഠിക്കണം.ഇതിലൊന്നും ആണ്‍പെണ്‍ വ്യത്യാസമോ പ്രായമോ പരിഗണിക്കേണ്ടതില്ല. പകല്‍ സമയത്ത് ഉറങ്ങുകയോ, രാത്രി ഉറക്കം ഒഴിയുകയോ ചെയ്യുന്നത് നല്ലതല്ല.എന്ത് ചെയ്താലും ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ കൂടി പ്രത്യേക ശ്രദ്ധ വേണം. കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രിയില്‍ പോകുന്നതിനും പോയാല്‍തന്നെ വേഗത്തില്‍ ചികിത്സ ലഭിക്കുന്നതിനും തടസ്സം നേരിടാന്‍ ഇടയുണ്ടെന്ന് അറിയാമല്ലോ?

മൊബൈലില്‍ ഗെയിം കളിക്കുന്നതിനേക്കാല്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ചെസ്സ് ,ക്യാരംസ് തുടങ്ങിയവ കളിച്ചാല്‍ കൂടുതല്‍ മാനസികോല്ലാസം ലഭിക്കും.

കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം ഉപയോഗിക്കപ്പെടാനുള്ള അദ്ധ്വാനമൊന്നും ഇപ്പോള്‍ ഇല്ല എന്ന് അറിയാമല്ലോ? ആയതിനാല്‍ ഭക്ഷണം അമിതമാകാതിരിക്കുവാനും എന്നാല്‍ പോഷകപ്രദമായിരിക്കുവാനും ശ്രദ്ധിക്കണം. വീടിനുള്ളിലാണെങ്കിലും മാസ്‌ക് ധരിക്കണം. രണ്ട് മീറ്ററിനുള്ളില്‍ ആരുമില്ലാത്തപ്പോള്‍ മാത്രമാണ് മാസ്‌ക് ഒഴിവാക്കാവുന്നത്.മാസ്‌ക് ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് മറ്റുള്ളവര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ചെന്ന് ശുദ്ധവായു ശ്വസിക്കാനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. എവിടെയും തൊടാതിരിക്കണമെന്ന ഉപദേശവും തൊട്ടാല്‍ കൈകള്‍ സോപ്പിട്ട് കഴുകണമെന്നതും കുട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള വിനോദങ്ങളില്‍ ഒന്നാണ് ക്വിസ് കോമ്പറ്റീഷന്‍. എപ്രകാരമായാലും പുതിയ അറിവുകള്‍ ദിവസവും സ്വായത്തമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഷോര്‍ട്ട് ഫിലിം, വീഡിയോകള്‍ തുടങ്ങിയവ നിര്‍മ്മിച്ച് തനിക്ക് എന്തൊക്കെ കഴിവുകളുണ്ടെന്ന് മനസ്സിലാക്കി അവരവരുടെ കോണ്‍ഫിഡന്‍സ് കൂട്ടുവാന്‍ ആവശ്യമായ സമയം ഇപ്പോള്‍ ലഭിക്കും.

കുട്ടികള്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം. മറ്റ് പകര്‍ച്ചവ്യാധികളെ തടയുവാനും ഇത് അനിവാര്യമാണ്. പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം. നല്ല ശീലങ്ങളും, ആരോഗ്യവും, നല്ല ഭക്ഷണശീലവും, വ്യക്തിശുചിത്വവും, പരിസരശുചിത്വവുമെല്ലാം രോഗ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കും. ഇവയ്‌ക്കെതിരെയുള്ളവ രോഗത്തെ ഉണ്ടാക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഇവ ഒഴിവാക്കിയുള്ള ഒറ്റമൂലികള്‍ കൊണ്ട് സാധിക്കില്ല.

മഞ്ഞള്‍, ഇഞ്ചി,തുളസി, ദഹനത്തെ സഹായിക്കുന്നവ, അലര്‍ജിയെ കുറയ്ക്കുന്നവ,കഫ രോഗങ്ങളെ ശമിപ്പിക്കുന്നവ, പോഷകമുള്ള ആഹാരം, കാലാവസ്ഥയ്ക്കനുസരിച്ച ഭക്ഷണം എന്നിവയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് അനിവാര്യമാണ്.

ശരിയായ ഉറക്കവും, ഉറക്കമെഴുന്നേല്‍ക്കലും, സമയത്തുള്ള ഭക്ഷണവും, ആവശ്യത്തിന് വിശ്രമവും, എല്ലാ കാര്യങ്ങളിലും മിതത്വവും, ഹിതമായവയെ മാത്രം ശീലിക്കലുമെല്ലാം നമ്മളില്‍ ഒരു ആരോഗ്യകരമായ ബയോളജിക്കല്‍ ക്ലോക്ക് രൂപംകൊള്ളാന്‍ ഇടയാകുന്നു. ഇപ്രകാരം രൂപംകൊള്ളുന്ന ബയോളജിക്കല്‍ ക്ലോക്കിനെ തകിടം മറിക്കുവാന്‍ ലോക്ഡൗണ്‍ കാലത്തെ അശ്രദ്ധകള്‍ കാരണമാകരുത്. ആരോഗ്യമെന്നത് വെറുതെ വന്നു ചേരുന്ന ഒന്നല്ല. വളരെ ശ്രദ്ധയോടെയും കരുതലോടെയും സംരക്ഷിക്കപ്പെടേണ്ടതാണ് ആരോഗ്യം.


ഡോ. ഷര്‍മദ് ഖാന്‍


സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍


ആയുര്‍വേദ ഡിസ്‌പെന്‌സറി


ചേരമാന്‍ തുരുത്ത്


തിരുവനന്തപുരം .


Tel Tel9447963481


Other News in this category4malayalees Recommends