കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം

കുട്ടികള്‍ വീണ്ടും ഓഫ്‌ലൈനിലേക്ക്, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കണം
കൊവിഡിന്റെ വരവോടെ ഡിജിറ്റല്‍ പഠനത്തിലേക്ക് മാറിയ കുട്ടികള്‍ വീണ്ടും ക്ലാസ് മുറികളിലേക്ക് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനകാലത്ത് നിരന്തരം മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലോകത്തായിരുന്ന കുട്ടികളുടെ കണ്ണിന് ഏതെങ്കിലും തരത്തില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തണം. ഇതില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ പങ്കുണ്ട്. ക്ലാസിലെത്തുന്ന കുട്ടിയോട് ബോര്‍ഡില്‍ എഴുതുന്നത് വായിക്കാന്‍ അദ്ധ്യാപകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടി അതിന് തയ്യാറായില്ലെങ്കില്‍ തല്ലുകയോ ശകാരിക്കുകയോ ചെയ്യരുത്. എന്താണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് എന്ന് വ്യക്തമായി കാണാന്‍ കഴിയാത്തതതാകും പ്രധാന കാരണം. ഇക്കാര്യം അദ്ധ്യാപകര്‍ മനസിലാക്കി മാതാപിതാക്കളെ അറിയിക്കണം. വീട്ടിലെത്തുന്ന കുട്ടിയ്ക്ക് വിട്ടുമാറാത്ത തലവേദന, പാഠപുസ്തകങ്ങള്‍ വായിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ, കണ്ണില്‍ നിന്നും വെള്ളം വരുന്ന സാഹചര്യം എന്നിവയുണ്ടെങ്കില്‍ ഉടന്‍ നേത്രചികിത്സ ലഭ്യമാക്കണം.


ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാഭ്യാസ വകുപ്പ് കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 36 ശതമാനം പേര്‍ക്ക് തലവേദനയും 28 ശതമാനത്തിന് കണ്ണിന് ക്ഷീണവും കണ്ടെത്തിയിരുന്നു, ഈ സാഹചര്യത്തിലാണ് കണ്ണിന്റെ സംരക്ഷണം പ്രാധാന്യമര്‍ഹിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം കാരണം കണ്ണിന്റെ വരള്‍ച്ചയാണ് ഭൂരിഭാഗം കുട്ടികളും നേരിടാന്‍ സാദ്ധ്യതയുള്ള പ്രധാന പ്രശ്‌നം. കൃത്യമായി സ്‌ക്രീനില്‍ മാത്രം നോക്കി പരിചരിച്ചവര്‍ ഇമവെട്ടാന്‍ മറന്നുപോകും. പിന്നെ അത് ശീലമാകും.


കൃഷ്ണമണിക്ക് പുറത്തെ കണ്ണുനീരിന്റെ നേര്‍ത്ത പടലമാണ് ടിയര്‍ഫിലിം. ഇമവെട്ടുമ്പോള്‍ ടിയര്‍ഫിലിം കൃഷ്ണമണിയില്‍ പടരും. കുമിളപോലെ ഒരു ടിയര്‍ ഫിലിം ഉണ്ടായാല്‍ 20 സെക്കന്‍ഡ് മാത്രമാണ് നിലനില്‍ക്കുന്നത്. വീണ്ടും ടിയര്‍ഫിലിം ഉണ്ടാകാന്‍ ഇമവെട്ടണം. ടിയര്‍ഫിലിം ഉണ്ടാകാത്തതാണ് കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണം. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഉടന്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ തേടണം.

ഉറക്ക കുറവ്, കണ്ണുവേദന, കണ്ണിന് ക്ഷീണം, കരട് ഉണ്ടെന്ന തോന്നല്‍, കണ്ണില്‍ നിന്ന് വെള്ളം വരിക, ഉറക്കക്ഷീണം, തലവേദന, കണ്ണ് അടയുന്ന തോന്നല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടോയെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ക്ലാസുകള്‍ ആരംഭിക്കുന്ന ആദ്യ ദിവസങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.


(ലേഖിക: തൃശൂര്‍ ആസ്ഥാനമായുള്ള ആര്യ ഐ കെയറിന്റെ മാനേജിംഗ് ഡയറക്ടറും നേത്രരോഗവിദഗ്ധയുമാണ്)

Other News in this category



4malayalees Recommends