നടനരംഗത്തെ വിസ്മയങ്ങള്‍ അണിനിരക്കുന്ന ഗ്രാന്റ് ഫിനാലെ; പാര്‍വതി ജയറാം മുഖ്യാതിഥി; ജനുവരി 31ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് അര്‍ത്ഥപൂര്‍ണ്ണമായ സമാപനം

നടനരംഗത്തെ വിസ്മയങ്ങള്‍ അണിനിരക്കുന്ന ഗ്രാന്റ് ഫിനാലെ; പാര്‍വതി ജയറാം മുഖ്യാതിഥി; ജനുവരി 31ന് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് അര്‍ത്ഥപൂര്‍ണ്ണമായ സമാപനം
പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തുന്ന ഓണ്‍ലൈന്‍ ! നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. 'ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' എന്ന പേരില്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ! സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജനുവരി 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയം മൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക് പേജില്‍ ഗ്രാന്റ് ഫിനാലെ ലൈവ് ലഭ്യമാകും.

സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തുന്ന ഗ്രാന്റ് ഫിനാലെയില്‍ കേരളത്തില്‍ നിന്നും പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നുമുള്ള നടന ലോകത്തെ വിസ്മയങ്ങള്‍ അണിനിരക്കും. ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണ അവാര്‍ഡ് നേടിയിട്ടുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റ് സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) മുതല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ദേശീയ കലാമേളയില്‍ കലാപ്രതിഭ പട്ടം തുടര്‍ച്ചയായി രണ്ട് വട്ടം നേടിയ ടോണി അലോഷ്യസ് വരെയുള്ളവരുടെ അതിമനോഹരങ്ങളായ നൃത്ത ഇനങ്ങളാവും ഗ്രാന്റ് ഫിനാലെയ്ക്ക് മാറ്റ് കൂട്ടുന്നത്.


കലാമണ്ഡലം സോഫിയ സുദീപ്, കലാമണ്ഡലം ഷീനാ സുനില്‍ എന്നിവരുടെ നൃത്തങ്ങള്‍ ഏറെ ആകര്‍ഷണീയമാവും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപുടി എന്നിവയില്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമയും മോഹിനിയാട്ടത്തില്‍ ബിരുദവും നേടിയ കലാമണ്ഡലം സോഫിയ സുദീപ് ഇതിനോടകം 6 സിനിമകളിലും 4 ജനപ്രിയ സീരിയലുകളിലും അഭിനയിച്ചു.

കൊച്ചിയിലെ സമര്‍പ്പണ്‍ സ്‌കൂള്‍ ഓഫ് ക്ലാസ്സിക്കല്‍ ഡാന്‍സ് ഡയറക്ടറാണ്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ഡിപ്ലോമയും മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശ്രീമതി ഷീന സുനില്‍കുമാര്‍, ഇപ്പോള്‍ കുച്ചിപുടിയില്‍ ഉന്നതപഠനം തുടരുന്നു. മൗറീഷ്യസിലും ഖത്തറിലും ഷാര്‍ജയിലുമൊക്കെ മോഹിനിയാട്ടം അവതരിപ്പിച്ച് അന്താരാഷ്ട്ര വേദികളില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള, തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ സ്ഥിതി ചെയ്യുന്ന നൂപുര നൃത്ത കലാക്ഷേത്രത്തിന്റെ ഡയറക്ടറും പ്രധാന അധ്യാപികയുമാണ് കലാമണ്ഡലം ഷീന സുനില്‍കുമാര്‍ .


ബാംഗ്ലൂര്‍ നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ ഗായത്രി ചന്ദ്രശേഖറിന്റെ നൃത്തവും ഫിനാലെയ്ക്ക് മാറ്റ് കൂട്ടും. ദൂരദര്‍ശന്റെ ഒരു 'എ' ഗ്രേഡ് ആര്‍ട്ടിസ്റ്റായ ഗായത്രി 'സ്പിരിറ്റ് ഓഫ് യൂത്ത് അവാര്‍ഡ്', 'എം.ജി.ആര്‍' അവാര്‍ഡ് എന്നിവ മികച്ച ഭരതനാട്യം നര്‍ത്തകി എന്ന നിലയില്‍ നേടിയിട്ടുണ്ട്.


യു.കെയിലെ പ്രമുഖ നര്‍ത്തകരായ മഞ്ജു സുനില്‍, ബ്രീസ് ജോര്‍ജ് , സ്വരൂപ് മേനോന്‍ എന്നിവരും ചേരുന്നത് ഫിനാലെയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും. യു.കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമാണ് മഞ്ജു സുനില്‍. യുക്മയുടെ വേദികളില്‍ ഉള്‍പ്പെടെ യു.കെയില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള മഞ്ജു യു.കെ മലയാളികള്‍ക്കിടയില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത പ്രശസ്തയായ കലാകാരിയാണ്.

യു.കെ കാബിനറ്റ് ഓഫീസില്‍ സിവില്‍ സര്‍വീസ് ജോലിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രീസ് ജോര്‍ജ്ജിന്റെ മനോഹര നൃത്തങ്ങള്‍ യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാണ്. ഗുരു ബാബു ഭരതാഞ്ജലി, ഗുരു കലൈമാമണി ശ്രീമതി ചാമുണ്ഡേശരി പാണി എന്നിവരുടെ കീഴില്‍ നാലാം വയസ്സ് മുതല്‍ ഭരതനാട്യം പരിശീലിച്ചു. കവി ഒ.എന്‍.വി കുറുപ്പിന്റെ മകള്‍ മായാദേവിയില്‍ നിന്നും മോഹിനിയാട്ടം അഭ്യസിച്ചു. 2015ല്‍ ബിബിസി 'യങ്ങ് ഡാന്‍സര്‍'ല്‍ പങ്കെടുത്തു, ജസ്റ്റ് ബോളിവുഡ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഡാന്‍സ് ഷോയില്‍ മികച്ച വനിതാ നര്‍ത്തകി.

യു.കെയില്‍ ജനിച്ച് വളര്‍ന്ന സ്വരൂപ് മേനോന്‍ കലയോടുള്ള താല്‍പര്യം കാരണം ഭരതനാട്യത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 3 വയസ്സുമുതല്‍ നൃത്തം അഭ്യസിക്കാനും 5 വയസ്സു മുതല്‍ പ്രകടനം നടത്താനും ആരംഭിച്ച സ്വരൂപ്, ബയോമെഡിക്കല്‍ സയന്‍സില്‍ ബി.എസ്.സി, മെഡിക്കല്‍ മൈക്രോബയോളജിയില്‍ എം. എസ്.സി എന്നിവ നേടിയ ശേഷം നിലവില്‍ ബള്‍ഗേറിയയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബള്‍ഗേറിയ, ഹോങ്കോംഗ്, ഇന്ത്യ എന്നീ രാജ്യങ്ങളിലും ലണ്ടനിലെ ലണ്ടന്‍ പല്ലേഡിയം, ദി മില്ലേനിയം ഡോം, ക്വീന്‍ എലിസബത്ത് ഹാള്‍, ദി ബാര്‍ബിക്കന്‍ സെന്റര്‍, നെഹ്‌റു സെന്റര്‍ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലും സ്വരൂപ് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.


യുക്മ കലാതിലകം 2020 ആനി അലോഷ്യസ്, നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള പാര്‍വതി പിള്ള, മാന്‍സ്ഫീല്‍ഡില്‍ നിന്നുള്ള അബീന രാജേഷ് എന്നിവരുടെ നൃത്തങ്ങളും ഫിനാലെയ്ക്ക് ചാരുത പകരും.


കോഴിക്കോട് ജെ.എസ് ഡാന്‍സ് കമ്പനി എന്ന പേരിലുള്ള ഡാന്‍സ് അക്കാദമി ഒരു തകര്‍പ്പന്‍ ഡാന്‍സുമായിട്ടാണ് ഗ്രാന്റ് ഫിനാലെയ്ക്ക് എത്തുന്നത്. പ്രധാന അധ്യാപകന്‍ സാബുവും സഹോദരന്‍ ജോബിനുമാണ് ജെ.എസ് ഡാന്‍സ് കമ്പനി നടത്തുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന മലയാള സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിലെ വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനം ജെ.എസ് ഡാന്‍സ് കമ്പനി ചിട്ടപ്പെടുത്തിയതാണ്.


യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിക്കുന്നത്.


കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, 'വീ ഷാല്‍ ഓവര്‍ കം' ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.


യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്, മേരാകീ ബൊട്ടീക്, പാലാ, രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാള്‍ കൊച്ചി, !രാജു പൂക്കോട്ടില്‍ തുടങ്ങിയവരാണ് അന്താരാഷ്ട്ര നൃത്തോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.londonkalabhavan.com

സന്ദര്‍ശിക്കുക.


Other News in this category



4malayalees Recommends