ഭക്തിസാന്ദ്രമായി എല്ലാ മാസവും ചതയദിന പ്രാര്‍ത്ഥനക്കു സേവനം യുകെ തുടക്കം കുറിക്കുന്നു

ഭക്തിസാന്ദ്രമായി എല്ലാ മാസവും ചതയദിന പ്രാര്‍ത്ഥനക്കു സേവനം യുകെ തുടക്കം കുറിക്കുന്നു
ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിശ്വശാന്തിപ്രാര്‍ത്ഥനായജ്ഞത്തിനൊപ്പം ഗുരുധര്‍മ്മ പ്രചാരണ സഭ സേവനം യുകെ ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാ മാസവും ചതയദിനത്തില്‍ ഗുരുധര്‍മ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ ഗുരുസ്മരണയോടെ തുടങ്ങി, ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികളുടെ ആനുഗൃഹ പ്രഭാഷണത്തോടെ ഓണ്‍ലൈന്‍ ചതയദിന പ്രാര്‍ത്ഥനക്കു സമാരംഭം കുറിക്കുകയാണ്. തദവസരത്തില്‍ ആചാര്യന്‍ കെ എന്‍ ബാലാജി സാര്‍ (ശ്രീനാരായണ സേവാനികേതന്‍, അര്‍പ്പൂക്കര, കോട്ടയം) ഈ മഹനീയ സംരഭത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നതാണ്.


ഈ വരുന്ന ഫെബ്രുവരി മാസത്തിലെ ചതയദിനം (13th February 2021) മുതല്‍ യുകെ യില്‍ അറിയപ്പെടുന്ന ഗായകനും ഭജന കലാകാരനുമായ ശ്രീ സദാനന്ദന്‍ ദിവാകരനും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ സജീഷ് ദാമോദരനും ഈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.


മാനവരാശിക്ക് സമാനതകളില്ലാത്ത വിധം അനുദിനം ഭീഷണി ഉയര്‍ത്തിക്കൊണ്ട് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഗുരുദേവ ചിന്തകളും ദര്‍ശനങ്ങളും പരിചിന്തനം ചെയ്യുവാനും ശ്രീനാരായണ ഗുരുദേവന്‍ അരുളിയ ഈശ്വര ആരാധന എല്ലാ ഗൃഹങ്ങളിലും എത്തണം എന്നത് പ്രയോഗികവല്‍ക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി ഈ അവസരത്തെ എല്ലാ ഗുരുഭക്തരും വിനിയോഗിക്കേണ്ടതാണന്ന് സേവനം യു കെ നേതൃത്വം അറിയിച്ചു.


'എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിക്കുന്ന' മഹാഗുരുവിന്റെ തൃച്ചേവടികളില്‍ സമര്‍പ്പിക്കപ്പെട്ട അര്‍ച്ചനാ പുഷ്പങ്ങള്‍ പോലെ യുകെ യില്‍ലെമ്പാടുമുള്ള ഗുരു ഭക്തര്‍ക്ക് ഒത്തുചേരലിനു വഴിയൊരുക്കുകയാണ് സേവനം യുകെ.

സമസ്ത ലോകത്തിനും സൗഖ്യം കാംക്ഷിക്കുന്ന ഒരു സംസ്‌കൃതിയുടെ ....... അതിരുകളില്ലാത്ത മാനവിക ദര്‍ശനത്തിന്റെ സന്ദേശ വീചികള്‍ അലയടിച്ച വിശ്വസാഹോദര്യത്തിന്റെ ഭൂമികയില്‍ നിന്നും സേവനം യു കെ സമര്‍പ്പിക്കുന്ന ഈ ചതയദിന പ്രാര്‍ഥനയില്‍ ശിവഗിരി മഠത്തിലെ സമാദരണീയരായ സന്യാസി ശ്രേഷ്ഠര്‍മാരും, പ്രശസ്തരായിട്ടുള്ള ഗുരുധര്‍മ്മ പ്രചാരകരുടെയും പ്രഭാഷണപരമ്പരകള്‍ ശ്രവിക്കുവാന്‍ എല്ലാ ഗുരുഭക്തരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സേവനം യു കെ 2021ലെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഇനിയും കലണ്ടര്‍ കിട്ടാനുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സേവനം ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.


https://www.sevanamuk.com/regitsration/


Hotline number +447474018484

Other News in this category



4malayalees Recommends