മാര്‍ച്ച് ഇരുപത്തൊന്ന് ഞായര്‍ ചരിത്രദിനം........... യു കെ സെന്‍സസ് 2021 നിയമപരമായ കടമ........ പ്രധാന ഭാഷയായി മലയാളം രേഖപ്പെടുത്താന്‍ മറക്കല്ലേ

മാര്‍ച്ച് ഇരുപത്തൊന്ന് ഞായര്‍ ചരിത്രദിനം........... യു കെ സെന്‍സസ് 2021 നിയമപരമായ കടമ........ പ്രധാന ഭാഷയായി മലയാളം രേഖപ്പെടുത്താന്‍ മറക്കല്ലേ
പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ദേശീയ സെന്‍സസിന് യു കെ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ 1801 മുതല്‍ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെന്‍സസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ് ആധുനിക രീതിയില്‍ ഇന്നത്തെപ്പോലെ സെന്‍സസ് പ്രക്രിയ മാറ്റത്തോടെ തുടക്കം കുറിച്ചത്.


ഇന്ത്യയിലും ഇതര ലോകരാജ്യങ്ങളിലും സമാനമായ സെന്‍സസ് നിലവിലുള്ളതിനാലും, ദേശീയ പ്രക്രിയകളില്‍ പൊതുവെ കൂടുതല്‍ താല്പര്യമുള്ളവര്‍ ആയതിനാലും യു കെ മലയാളികള്‍ ഇതിനകം തന്നെ ദേശീയ സെന്‍സസിനെക്കുറിച്ച് ബോധവാന്മാരായി കഴിഞ്ഞിട്ടുണ്ടാകാനാണ് സാധ്യത. മാര്‍ച്ച് 21 ഞായറാഴ്ചയാണ് ദേശീയ സെന്‍സസ് ദിനം. അതിന് മുന്‍പായി നിശ്ചിത ലിങ്കിലൂടെ സെന്‍സസില്‍ പങ്കുചേരേണ്ടതാണ്.


ആദ്യമായി എല്ലാ വീടുകള്‍ക്കും ഒരു 'ആക്‌സസ് കോഡ്' ലഭിക്കേണ്ടതായുണ്ട്. ഒരുവീട്ടില്‍ താമസിക്കുന്നവര്‍ക്ക് തന്നെ വ്യക്തിപരമായി വെവ്വേറെ ആയി സെന്‍സസില്‍ പങ്കെടുക്കണമെങ്കില്‍ അതിനായി വ്യക്തിഗത 'ആക്‌സസ് കോഡ്' ലഭിക്കും. ഇതിനുള്ള ആദ്യപടിയായി ഈ വാര്‍ത്തയയുടെ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ആക്‌സസ്സ് കോഡിന് അപേക്ഷിക്കാവുന്നതാണ്. ആക്‌സസ് കോഡ് ടെക്സ്റ്റ് മെസ്സേജ് ആയോ, തപാല്‍ വഴിയോ ലഭിക്കുന്നതാണ്.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രത മനസിലാക്കേണ്ടത് ദേശീയ പ്രാദേശീക ഗവണ്‍മെന്റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒന്നാണ്. സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പൊതുവിതരണം, വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങള്‍, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കൃത്യമായ ആസൂത്രണത്തിനും ക്രമീകരണങ്ങള്‍ക്കും തുക അനുവദിക്കുന്നതിനും എല്ലാം ഗവണ്‍മെന്റുകള്‍ക്ക് സാധിക്കുന്നത്.


ന്യൂനപക്ഷ സമൂഹങ്ങള്‍ ധാരാളമായുള്ള യു കെ പോലുള്ള രാജ്യത്ത് ഭാഷാപരമായും വര്‍ഗ്ഗപരമായും ഉള്ള വ്യത്യസ്തകളും സെന്‍സസില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതായുണ്ട്. യുകെയില്‍ താമസിക്കുന്ന ഓരോ വ്യക്തിയും ദേശീയ സെന്‍സസില്‍ നിര്‍ബന്ധമായി പങ്കെടുക്കേണ്ടതുണ്ട് എന്നതിനാല്‍ പുതുതായി യുകെയില്‍ എത്തിയിരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രധാന ഭാഷ ആവശ്യപ്പെടുന്ന സ്ഥലത്ത് 'മലയാളം' എന്നുതന്നെ കൃത്യമായി രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പലവീടുകളിലും കുട്ടികള്‍ പരസ്പ്പരം ഇംഗ്ലീഷ് സംസാരിക്കുന്നു എങ്കില്‍ പോലും, പ്രധാന ഭാഷ രേഖപ്പെടുത്തുമ്പോള്‍ 'മലയാള'ത്തെ മറക്കല്ലേ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.



സെന്‍സസില്‍ പങ്കെടുക്കാതിരിക്കുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ആയിരം പൗണ്ട് വരെ പിഴ ചുമത്തപ്പെടാവുന്ന കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുന്നത്. ഇതിനകം ആക്‌സസ് കോഡിന് അപേക്ഷിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ എത്രയും വേഗം അപേക്ഷിക്കുക. ദേശീയ സെന്‍സസില്‍ നിശ്ചയമായും എല്ലാ യു കെ മലയാളികളും ഭാഗഭാക്കാകണമെന്നും, ദേശീയ സെന്‍സസിനെക്കുറിച്ചുള്ള സന്ദേശം പരമാവധി പേരിലേക്കെത്തിക്കുവാന്‍ സഹകരിക്കണമെന്നും യുക്മ ദേശീയ നിര്‍വ്വാഹക സമിതി അഭ്യര്‍ത്ഥിക്കുന്നു.


Enter address Census 2021


Other News in this category



4malayalees Recommends