ക്രൂരമായ ജാതിവെറി: റവന്യൂ ഉദ്യോഗസ്ഥനെക്കൊണ്ട് സവര്‍ണ യുവാവിന്റെ കാലുപിടിപ്പിച്ചു, വിഡിയോ പുറത്ത്

ക്രൂരമായ ജാതിവെറി: റവന്യൂ ഉദ്യോഗസ്ഥനെക്കൊണ്ട് സവര്‍ണ യുവാവിന്റെ കാലുപിടിപ്പിച്ചു, വിഡിയോ പുറത്ത്
കോയമ്പത്തൂരില്‍ റവന്യൂ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം. അണ്ണൂരിലെ ഓട്ടര്‍പാളയം വില്ലേജ് അസിസ്റ്റന്റിനെക്കൊണ്ട് മേല്‍ജാതിക്കാരന്‍ കാലു പിടിപ്പിച്ചു. ഭൂവുടമ ഗോപിനാഥ് ഗൗണ്ടറാണ് ജാതി അധിക്ഷേപം നടത്തിയത്. യുവാവിന്റെ കാലില്‍ റവന്യൂ ഉദ്യോഗസ്ഥന് സാഷ്ടാംഗം വീണ് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തെക്കുറിച്ച് ജില്ല കലക്ടര്‍ സമീറാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭ്യമായാലുടന്‍ കേസ് പൊലീസിന് കൈമാറും.

ഗോപിനാഥിന്റെ പേരിലുള്ള ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് മുത്തുസ്വാമിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ദലിതനായ മുത്തുസ്വാമി മേല്‍ജാതിക്കാരനായ തന്നോട് എങ്ങനെ രേഖകള്‍ ചോദിക്കുമെന്നായി ഗൗണ്ടര്‍. കാലുപിടിച്ച് മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ തീ കൊളുത്തി കൊല്ലുമെന്നും ജോലി കളയുമെന്നും ഭീഷണിപ്പെടുത്തി. മുത്തുസ്വാമിക്ക് മുന്നില്‍ മറ്റുവഴികളുണ്ടായില്ല. തുടര്‍ന്ന് ഗോപിനാഥിന്റെ കാലുപിടിക്കുകയായിരുന്നു.

ഓഫിസിലുണ്ടായിരുന്ന മറ്റൊരാള്‍ ഇതിന്റെ വീഡിയോ മൊബൈല്‍ഫോണില്‍ പകര്‍ത്തി സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജില്ലയില്‍ ജാതിവിവേചനം നിലനില്‍ക്കുന്ന പ്രദേശമാണ് അണ്ണൂര്‍.




Other News in this category



4malayalees Recommends