മകന്‍ മരിച്ചതറിഞ്ഞ് ഡ്രൈവര്‍ നാട്ടില്‍ പോയി; ലോറിയുമായി 70കാരന്‍ ക്ലീനര്‍ 20 ദിവസമായി പെരുവഴിയില്‍

മകന്‍ മരിച്ചതറിഞ്ഞ് ഡ്രൈവര്‍ നാട്ടില്‍ പോയി; ലോറിയുമായി 70കാരന്‍ ക്ലീനര്‍ 20 ദിവസമായി പെരുവഴിയില്‍

നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ മകന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്കു പോയി, ക്ലീനര്‍ 20 ദിവസമായി പെരുവഴിയില്‍. ആന്ധ്രപ്രദേശില്‍ നിന്നും ഇരിട്ടിയിലേക്ക് സിമന്റും ആയി എത്തിയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ക്ലീനര്‍ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയാണ് സുമസ്സുകളുടെ കാരുണ്യത്തില്‍ കഴിയുന്നത്.

ഇരിട്ടിയില്‍ ഗോഡൗണില്‍ സിമന്റ് ഇറക്കി മടങ്ങുമ്പോള്‍ ആണു തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മകന്‍ മരിച്ചത് അറിയുന്നത്. ഉടന്‍ ആന്ധ്രപ്രദേശ് റജിസ്‌ട്രേഷനില്‍ ഉള്ള ലോറി കല്ലുമുട്ടിയില്‍ നിര്‍ത്തിയിട്ട് ക്ലീനര്‍ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയെ താക്കോല്‍ എല്‍പിച്ചു ഡ്രൈവര്‍ നാട്ടിലേക്കു പോവുകയായിരുന്നു.

പോയ ഡ്രൈവറോ, പകരം ഡ്രൈവറോ തിരിച്ചു വരാത്തതാണു രങ്കണ്ണ 'വഴിയില്‍' ആവാന്‍ കാരണം. തെലുങ്ക് മാത്രം ആണു രങ്കണ്ണയ്ക്ക് അറിയാവുന്നത്. കയ്യില്‍ പണമില്ലാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞ ഇദ്ദേഹത്തിനു സമീപമുള്ള ഹോട്ടലുകാരും മറ്റും ആണു ഭക്ഷണം നല്‍കുന്നത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ ഫോണ്‍ നമ്പറോ ഇയാള്‍ക്കറിയില്ല.

ലോറിക്ക് മുകളില്‍ ഉടമസ്ഥന്‍ എന്ന് കരുതുന്ന രവികിരണ്‍ എന്ന ആളുടെ പേരും ഫോണ്‍ നമ്പറുകളും എഴുതി ചേര്‍ത്തിട്ടുണ്ട്. ഇതിലേക്ക് ചിലര്‍ വിളിച്ചപ്പോള്‍ 2 ദിവസം കൊണ്ട് ഡ്രൈവറെ വിടാം എന്നു പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

പ്രായത്തിന്റെ അവശതയും 20 ദിവസം ആയി പെരുവഴിയില്‍ കിടക്കേണ്ടി വന്നതിന്റെ പ്രയാസങ്ങളും രങ്കണ്ണയില്‍ കാണാം. ഉടമസ്ഥനു 50 ലേറെ ലോറികള്‍ ഉള്ളതായി പറയുന്നു. ലോറിയെ വഴിയില്‍ ഉപേക്ഷിച്ച് പോകാനുമാകാതെ നിസ്സഹായാവസ്ഥയിലുമാണ് രങ്കണ്ണ കടന്നുപോകുന്നത്.


Other News in this category



4malayalees Recommends