സവര്‍ക്കര്‍ ആര്‍എസ്എസ് അല്ല; തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരം : ടി ജി മോഹന്‍ദാസ്

സവര്‍ക്കര്‍ ആര്‍എസ്എസ് അല്ല; തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരം : ടി ജി മോഹന്‍ദാസ്
വി ഡി സവര്‍ക്കര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കത്തെഴുതിയെന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍എസ്എസിന്റെ ഭാഗമല്ല. ആര്‍എസ്എസിന്റെ ഒരു വേദിയില്‍ പോലും സവര്‍ക്കര്‍ പങ്കെടുത്തിട്ടില്ല. സവര്‍ക്കരുടെ പേരില്‍ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം പറഞ്ഞു. 'കണ്ണൂര്‍ കാവി രാഷ്ട്രീയം' എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള 'ആസാദി കുട' ഉയര്‍ത്താശ്രമിച്ചതും അത് നടക്കാതെ വന്നപ്പോള്‍ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും ചര്‍ച്ച ചെയ്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മതിപ്പേ സവര്‍ക്കര്‍ക്ക് ആര്‍എസ്എസുകാരോട് ഉണ്ടായിരുന്നുള്ളൂ. സവര്‍ക്കര്‍ ഒരുപാട് ആളുകള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും ആര്‍എസ്എസ് നേതാക്കള്‍ക്ക് കത്തെഴുതിയത് അപൂര്‍വ്വമാണെന്നും മോഹന്‍ദാസ് പറഞ്ഞു. സവര്‍ക്കരുടെ പേരില്‍ വിവാദങ്ങളില്‍ ഏര്‍പ്പെടാനോ കേസുനടത്താനോ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരത്തില്‍ സവര്‍ക്കറിന്റെ ചിത്രം കൊണ്ടുവരേണ്ട ആവശ്യമില്ല. ഇപ്പോള്‍ സവര്‍ക്കറിന്റെ ചിത്രം നമ്മള്‍ ഉയര്‍ത്തിയാല്‍ മറ്റ് പാര്‍ട്ടിക്കാരും അവരുടെ നേതാക്കളുടെ ചിത്രവുമായി വന്ന് അത് അനുകരിക്കാന്‍ ശ്രമിക്കും. തൃശൂര്‍ പൂരം മതേതര ആഘോഷമാണെന്ന് എല്ലാവരും പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഹിന്ദുവിന്റെ പൂരമാണ്. അത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും ടി ജി മോഹന്‍ദാസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends