കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍
മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴല്‍നാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയേയും മകള്‍ വീണയേയും അവര്‍ ക്രൂരമായി വേട്ടയാടി. കുഴല്‍നാടന് തെളിവിന്റെ കണിക പോലും ഹാജരാക്കാനായില്ല.

കോണ്‍ഗ്രസില്‍ നിന്ന് കുഴല്‍നാടന്‍ ഒറ്റപ്പെട്ടു. വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിച്ചതാണ് പാളിപ്പോയത്. ഒരു കടലാസ് പോലും കോടതിയില്‍ കൊടുക്കാനുണ്ടായില്ല. നിയമസഭയിലെ തെറ്റായ പ്രസംഗത്തില്‍ കുഴല്‍നാടന്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

കമ്പനികള്‍ നിയമപരമായി നടത്തിയ ഇടപാടില്‍ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തിരക്കഥകള്‍ വിജിലന്‍സ് കോടതിയുടെ വിധിയോടെ തുറന്ന് കാട്ടപെട്ടിരിക്കുകയാണ്. സര്‍ക്കാരിനും സിപിഐ എമ്മിനും എതിരെ മറ്റൊന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഇത്തരം ഒരു കഥമെനയുകയും അതിന്റെ പിന്നാലെ വാര്‍ത്തകളും ഹര്‍ജികളും കൊണ്ടുവരികയും ചെയ്തത്.

മുഖ്യമന്ത്രിയും സിപിഎമ്മും ഇക്കാര്യത്തില്‍ സംശയരഹിതമായ നിലപാടാണ് ആദ്യം മുതല്‍ എടുത്തത്. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതിലെ രാഷ്ട്രീയ ലക്ഷ്യം ഏവരും മനസിലാക്കണമെന്നതായിരുന്നു ആ നിലപാട്. അതുതന്നെയാണ് ഇപ്പോള്‍ കോടതി വിധിയും വ്യക്തമാക്കുന്നത്.

രണ്ടു കമ്പനികള്‍ നിയമപ്രകാരം ഏര്‍പ്പെട്ട കരാര്‍ എന്നതിലപ്പുറം മറ്റൊന്നും ഇക്കാര്യത്തില്‍ കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. സര്‍ക്കാര്‍ എന്തെങ്കിലും വഴിവിട്ട സഹായം സിഎംആര്‍എല്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ചെയ്തുകൊടുത്തതായിട്ടും തെളിയിക്കാനായില്ല. തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഹര്‍ജിയുമായി കുഴല്‍നാടന്‍ സമീപിച്ചതെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു.

Other News in this category



4malayalees Recommends