ഹൃദയാഘാതം തിരിച്ചറിഞ്ഞില്ല, ദഹനപ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു; കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍

ഹൃദയാഘാതം തിരിച്ചറിഞ്ഞില്ല, ദഹനപ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു; കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍
സംഗീതനിശയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച ഗായകന്‍ കെകെയെ കൃത്യസമയത്ത് ചികിത്സിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടര്‍മാര്‍. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയുംശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

ഹൃദയ ധമനികളില്‍ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. തോളിലും കൈകളിലും വേദനയുണ്ടെന്ന് സംഗീതപരിപാടിക്ക് മുമ്പ് ഭാര്യയെ വിളിച്ചപ്പോള്‍ കെകെ പറഞ്ഞിരുന്നു. ദഹനപ്രശ്‌നവുമായി ബന്ധപ്പെട്ടതാണെന്ന് കരുതി കെകെ ധാരാളം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ഇവ കണ്ടെത്തിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കഴിക്കുന്നതാണ് ആന്റാസിഡുകള്‍.

കെകെ വളരെയധികം ആന്റാസിഡുകള്‍ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിധിയില്‍ കവിഞ്ഞ് ആളുകളെ കുത്തിനിറച്ച ഓഡിറ്റോറിയത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെകെ താമസിച്ചിരുന്ന ഒബ്‌റോയി ഗ്രാന്‍ഡ് ഹോട്ടലില്‍ കുഴഞ്ഞു വീണു മരിച്ചത്. തൃശൂര്‍ തിരുവമ്പാടി സ്വദേശി സിഎസ്. മനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായ കെകെ (53) ഡല്‍ഹിയിലാണ് ജനിച്ചു വളര്‍ന്നത്. ബാല്യകാലസഖി ജ്യോതിയാണു ഭാര്യ. മകന്‍ നകുല്‍, മകള്‍ താമര.

Other News in this category



4malayalees Recommends