തൃക്കാക്കരയില്‍ ഉമ തോമസിന്‍ വന്‍ വിജയം ; ഭൂരിപക്ഷം 25015 ; കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് ; തോല്‍വി സമ്മതിച്ച് സിപിഎം

തൃക്കാക്കരയില്‍ ഉമ തോമസിന്‍ വന്‍ വിജയം ; ഭൂരിപക്ഷം 25015 ; കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് ; തോല്‍വി സമ്മതിച്ച് സിപിഎം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

പി.ടി തോമസ് എന്ന അതുല്യ നേതാവിന്റെ പത്‌നിയായതുകൊണ്ട് മാത്രമല്ല ഉമാ തോമസിനെ തൃക്കാക്കര കോട്ട കാക്കാന്‍ യുഡിഎഫ് നേതൃത്വം ഏല്‍പ്പിച്ചത്. കോളജ് കാലം മുതല്‍ കെ.എസ്.യു പ്രവര്‍ത്തകയായിരുന്ന ഉമയുടെ നേതൃപാഠവവും രാഷ്ട്രീയ ബുദ്ധിയും പാര്‍ട്ടിക്ക് അടുത്തറിയാവുന്നതാണ്. പി.ടിയുടെ ജീവിതസഖിയായി കുടുംബവും ജോലിത്തിരക്കുമെല്ലാമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നിന്ന ഉമാ തോമസിനെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഗോദയിലിറക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നിരിക്കണം, ഉമ തൃക്കാക്കരയെ കൈപിടിയിലൊതുക്കുക തന്നെ ചെയ്യുമെന്ന്. ആ വിശ്വാസം തെറ്റിയില്ല എന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഉമാ തോമസ് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1980 ലാണ് മഹാരാജാസില്‍ പ്രീഡിഗ്രിക്കായി ഉമാ തോമസ് ചേരുന്നത്. 1982 ല്‍ കെ.എസ്.യുവിന്റെ വനിതാ പാനലില്‍ പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. 1984 ല്‍ കെ.എസ്.യു പാനലില്‍ തന്നെ മഹാരാജാസിലെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി തോമസ്.മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായിരുന്നു പി.ടി തോമസ്. ക്യാമ്പസ് വിട്ടുവെങ്കിലും കെ.എസ്.യു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ മഹാരാജാസിലെ സ്ഥിരം സാന്നിധ്യമായിരുന്നു പി.ടി. ഒരിക്കല്‍ വേദിയില്‍ നിന്ന് പാട്ട് പാടിയ ഉമാ തോമസ് പി.ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. സംഘടനാ പ്രവര്‍ത്തനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും, അടുക്കുന്നതും.

പി.ടിയുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടി വിശ്വസിച്ച് ഉമ തോമസിനെ സീറ്റ് ഏല്‍പ്പിക്കുകയായിരുന്നു. ഏതായാലും ഈ വിലയിരുത്തല്‍ ശരിയായി. മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. സിപിഎം വലിയ തിരിച്ചടിയില്‍ നിരാശയിലാണ്. തോല്‍വി സമ്മതിച്ചതായി പാര്‍ട്ടി വ്യക്തമാക്കി.

Other News in this category



4malayalees Recommends