പ്രവാസി മലയാളി കോടിപതി; തിരുവനന്തപുരം സ്വദേശിയ്ക്ക് ഏഴരക്കോടി സമ്മാനം

പ്രവാസി മലയാളി കോടിപതി; തിരുവനന്തപുരം സ്വദേശിയ്ക്ക് ഏഴരക്കോടി സമ്മാനം
ദുബായില്‍ വീണ്ടും മലയാളിയെ തേടി ഭാഗ്യമെത്തി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീന്‍ (50) എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം.

മേയ് 27ന് സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒന്‍പത് പേര്‍ ചേര്‍ന്ന് ഓണ്‍ലൈനില്‍ വാങ്ങിയ 4330 നമ്പര്‍ ടിക്കറ്റാണ് മില്യനയര്‍ സീരീസ് 391 ലെ ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക തുല്യമായി പങ്കിടും.

30 വര്‍ഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വര്‍ഷമായി അബുദാബിയിലെ ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. നേരത്തെ തനിച്ച് ഭാഗ്യ പരീക്ഷണം നടത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് എടുത്തു വരുന്നു. ഇതാദ്യമായാണ് സമ്മാനം ലഭിച്ചത്.

അബുദാബിയില്‍ എന്‍ജിനീയറായ ജിപ് സീനയാണ് റിയാസിന്റെ ഭാര്യ. മൂത്തമകള്‍ അഫ്‌റ റിയാസ് ജോര്‍ജിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ ഫര്‍ഹ റിയാസ് അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും. മക്കളുടെ വിദ്യാഭ്യാസത്തിനാണ് ജീവിതത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും അതിനായും സമ്മാനത്തുക ചെലവഴിക്കുമെന്ന് റിയാസ് പറഞ്ഞു.

1999ല്‍ മില്ലേനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളര്‍ നേടിയ 191ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.


Other News in this category



4malayalees Recommends