കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി

കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി
കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി. മെയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്.

കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീര്‍ഘകാലം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. 21 ദിവസമാണ് ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂമും നല്ലപോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസം. ഇവരുടെ വസ്തുക്കള്‍ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞു പൊട്ടല്‍ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം. കൈകള്‍ വൃത്തിയായി കഴുകണം.

വസ്ത്രങ്ങള്‍ പ്രത്യേകം കഴുകണം.ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം. രക്തം, അവയവം, കോളങ്ങള്‍ എന്നിവ ദാനം ചെയ്യുകയോ മുലപ്പാല്‍ നല്‍കുകയോ ചെയ്യരുത്. എന്തെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിഎച്ച്എയുടെ കോള്‍ സെന്ററില്‍ 800342 വിളിച്ച് അറിയിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റീവായാല്‍ ഐസൊലേഷന്‍ നടപടി സ്വീകരിക്കണം. നെഗറ്റീവാണെങ്കില്‍ 21 ദിവസത്തെ ക്വാറന്റീന്‍ തുടരണമെന്നും ഡിഎച്ച്എ വ്യക്തമാക്കി.

Other News in this category



4malayalees Recommends